സർക്കാർ ആശുപത്രിയിലെ കൃത്രിമ വെന്റിലേറ്റർ ക്ഷാമം: അജ്ഞാതന്റെ കഥ വൈറലാകുന്നു

തിരുവനന്തപുരം : സർക്കാർ ആശുപത്രിയിൽ കൃത്രിമ വെന്റിലേറ്റർ ക്ഷാമം സൃഷ്ടിക്കുന്നവരെ തുറന്നുകാട്ടുന്ന സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അജ്ഞാതന്റെ കഥ വൈറലാകുന്നു. പാവപ്പെട്ടവനെന്നും വിദഗ്ധ ചികിത്സ നിഷേധിക്കപ്പെടുന്നത് വെന്റിലേറ്റർ ക്ഷാമത്തിന്റെ പേരിലാണ്. മുരുകൻ എന്ന രോഗി വെന്റിലേറ്റർ കിട്ടാതെ മരിച്ചത് ഏതാനും വർഷങ്ങൾക്കു മുമ്പ് വലിയ ചർച്ചാവിഷയമായിരുന്നു. ആ സാഹചര്യം ഇന്നും മാറിയിട്ടില്ലെന്ന സൂചനയാണ് മെഡിക്കൽ കോളേജ് ആശുപത്രിയെ പറയാതെ പറഞ്ഞു കൊണ്ട് അജ്ഞാതൻ കഥ വിവരിക്കുന്നത്. പ്രസ്തുത കഥ വായിക്കാം. അവസാന തുള്ളി ജീവൻ

നാട്ടുകാർ പിരിവെടുത്ത് ഏർപ്പാടാക്കിയ ആംബുലൻസ് ആ ധർമ്മാശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. പാതയോരങ്ങളിൽ മിന്നിമറയുന്ന വൃക്ഷങ്ങളിലും പുൽനാമ്പുകളിലും ജീവകണം മഞ്ഞുതുള്ളികൾ പോലെ തിളങ്ങുന്നത് ജനാല ഗ്ലാസിലൂടെ അവൾക്ക് കാണാനായി. അനാഥ ബാല്യം പിന്നിട്ട് കൗമാരവും കടന്ന് യൗവനത്തിലെത്തിയ കാലം. ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ജീവിതം മുന്നോട്ടു പോയി. യുവതിയായി മാറിയെങ്കിലും വെറും തോലു കൊണ്ട് മൂടപ്പെട്ട ഒരു അസ്ഥിപഞ്ജരം! അതായിരുന്നു അവൾ. എങ്കിലും അതിൽ പറ്റിപ്പിടിച്ചിരുന്ന ഇറച്ചിക്കഷണത്തിനായി വട്ടമിട്ടു പറക്കുന്ന കഴുകന്മാരെപ്പോലെ കാമാന്ധത ബാധിച്ച ചില തെമ്മാടിക്കൂട്ടം തെരുവോരങ്ങളിൽ അവൾക്ക് ഭീതി പരത്തി. പുറമ്പോക്കിലെ ആളൊഴിഞ്ഞ ഭാഗത്ത് കീറിപ്പറിഞ്ഞ പനമ്പായ കമ്പിൽ കെട്ടി മറയുണ്ടാക്കി അന്തിയുറങ്ങുമ്പോഴും ഭീതിയാൽ കനപ്പെട്ട ഹൃദയമിടിപ്പ്, അവൾ ദുർഗന്ധം പേറുന്ന പഴന്തുണി നെഞ്ചോടു ചേർത്ത് തടുത്തു നിർത്തുമായിരുന്നു. ഒരിക്കൽ അന്നം തേടിയിറങ്ങിയ ഉച്ചനേരത്താണ് കനാൽ വക്കിലെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് കാമാർത്തരായ മൂന്നംഗ സംഘം വായ പൊത്തിക്കൊണ്ട് അവളെ ബലമായി പിടിച്ച് സമീപത്തുണ്ടായിരുന്ന പഴയ വലിയ സിമന്റ് പൈപ്പിനുള്ളിലേയ്ക്ക് കയറ്റിയത്. ചെറുത്തു നിൽക്കാൻ കഴിയാത്ത അവളുടെ ചോരവറ്റിയ കണ്ണുകളിലെ യാചന അവർക്ക് ഹരമാമായിരുന്നു. അവളുടെ തൊഴുതു പിടിച്ച കരങ്ങൾ ഒരുവൻ അവന്റെ മീശ മേലുരസി നിർവൃതി കൊണ്ടു. പൈപ്പിനുള്ളിൽ കൂനിക്കൂടിയിരുന്ന മൂന്നാമന്റെ ശ്വാസത്തിന്റെ ഞെരിഞ്ഞമർന്ന ഗതിവിഗതികളാണ് ഒരു നിമിഷത്തേയ്ക്കെങ്കിലും മറ്റു രണ്ടുപേരെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചത്. പൊയിലക്കറ പിടിച്ച ഇരുണ്ട പല്ലുകളുമായി ഒരു വികൃത രൂപം. പല്ല് ഞെരിച്ച് ബലിഷ്ഠമായ വലത്തേകൈ മൂന്നാമന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചിരിക്കുന്നു. തടിച്ച് ഉരുണ്ട പെരുവിരലിലെ അഴുക്കു കയറി കറുത്ത നീണ്ട നഖം താടിയെല്ലിനു താഴെ കുത്തിയിറക്കി അവന്റെ തല പിന്നിലേക്ക് മറിച്ചിരിക്കുന്നു. കഴുത്തിന്റെ ഇടതു ഭാഗത്ത് പിടച്ചു വന്ന ഞരമ്പിൽ കരിങ്കല്ലിൽ ഉരസി മൂർച്ച കൂട്ടിയ പേനാക്കത്തി അമർന്നിട്ടുണ്ട്. ജടപിടിച്ച നീണ്ട തലമുടി കുലുക്കിക്കൊണ്ടുള്ള അലർച്ച . രണ്ടു പേർ കുഴലിന്റെ മറുവശത്തുകൂടെ ഇഴഞ്ഞും നിരങ്ങിയും രക്ഷപ്പെട്ടു. വികൃതരൂപി കൈപ്പിടിയിലമർന്നവനെ വലിച്ചു പുറത്തിറക്കി. പാറത്തഴമ്പുള്ള കൈകളാൽ മുഖത്തേറ്റ പ്രഹരം. ഇരുണ്ട കാഴ്ച തെളിയുമ്പോൾ പ്രദേശം വിജനമായിരുന്നു.
അവൾക്ക് ആരായിരുന്നു ആ വികൃതരൂപി. ഒരു മുൻപരിചയവുമില്ലാത്ത ഒരാൾ. പനമ്പായക്കീറിൽ ചടഞ്ഞിരുന്ന അവളുടെ മുഖത്ത് നോവു പടർന്നതെങ്കിലും കാലം മറന്ന ഒരു മന്ദസ്മിതം തെളിഞ്ഞു. നീരു വറ്റിയ മാറ് തെല്ലൊരു നാണത്തോടെ ചീഞ്ഞ മണമുള്ള ഒരു തുണിക്കഷണം കൊണ്ടവൾ മറച്ചു. വീണ്ടും പലതവണ അവൾ അയാളെ കണ്ടു. പക്ഷേ ഒരു മുൻപരിചയവുമില്ലാത്ത പോലെയായിരുന്നു അവന്റെ പെരുമാറ്റം.
പേരാലിന്റെ ചുവട്ടിൽ നിത്യവും കാണാറുള്ള വികൃത രൂപം അന്നവൾ കണ്ടില്ല. എന്തുകൊണ്ടോ ഒരു ഭീതി അവളിൽ പടർന്നു. തെല്ലകലെ ഒരാൾക്കൂട്ടം. ജനക്കൂട്ടത്തിനിടയിലൂടെ അവൾ ഒന്നു പാളി നോക്കി. കഴുത്തിന്റെ ഇടതു ഭാഗത്ത് തടിച്ച ഞരമ്പിൽ കുത്തിയിറക്കിയ കത്തിയുടെ പിടിയിലൂടെ കിനിഞ്ഞിറങ്ങുന്ന ചോരയുടെ ഗന്ധം . പരിസരം മറന്ന് അവൾ അലറി വിളിച്ചു. ജനക്കൂട്ടം അവളെ തുറിച്ചു നോക്കി. എനിക്ക് ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകണം. ഒന്നു സഹായിക്കണേ… അവൾ ആരോടെന്നില്ലാതെ കെഞ്ചി. ആരുടെയൊക്കെയോ കാലുപിടിച്ചു…..
…………………….

ആംബുലൻസിന്റെ സയറൻ നിന്നപ്പോഴാണ് അവൾ സ്വപ്നത്തിൽ നിന്നുണർന്നത്. മെല്ലെ തലയുയർത്തി വലതുഭാഗത്ത് പാതി ജീവനുമായി കിടക്കുന്ന അയാളെ ഒന്നുകൂടി നോക്കി. അത്യാഹിത വിഭാഗത്തിനു മുന്നിൽ വണ്ടി ബ്രേക്കിട്ടു നിന്നു. ഡ്രൈവർ ഡോർ തുറന്ന് ചാടിയിറങ്ങി അതിവേഗം അയാളെ പുറത്തിറക്കാൻ അവളെ സഹായിച്ചു.
സ്വീകരിക്കാൻ നിന്ന വെളുത്ത കുപ്പായക്കാരൻ പറഞ്ഞു. നേരെ ട്രയാജിലേക്ക് കൊണ്ടു പോ. ട്രോളിയുടെ വീലുകൾ കരപര ശബ്ദത്തോടെ ഉരുണ്ടു. അവൾ പിന്നാലെ ഓടി. പ്രാഥമിക പരിശോധനയ്ക്കു ശേഷം ഡ്യൂട്ടി ഡോക്ടർ പറഞ്ഞു: ഇത് വെന്റിലേറ്റർ വേണ്ട പേഷ്യന്റ് ആണ്. ഇവിടെ വെന്റിലേറ്റർ ഒഴിവില്ല. ഇതു കേട്ട് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ ആരോടെന്നില്ലാതെ പറഞ്ഞു. എന്നാണ് വെന്റിലേറ്റർ ഒഴിയുന്നത്? വെന്റിലേറ്ററിന്റെ എണ്ണമെടുക്കാൻ ചില ജീവനക്കാരുണ്ട്. എപ്പോൾ വിളിച്ചാലും വെന്റിലേറ്ററില്ല. എന്നാൽ പല ഐസിയുവിലും ഒഴിവുള്ള വെന്റിലേറ്ററുകൾ ഇഷ്ടക്കാർക്കു വേണ്ടി മാറ്റിവയ്ക്കും. പാവപ്പെട്ടവന്റെ ജീവൻ എന്നും ഇവന്മാർക്ക് പുല്ലാണ്.
ഒന്നു നിർത്തെടോ. ഡ്യൂട്ടി ഡോക്ടർ കയർത്തു. തനിക്ക് പരാതിയുണ്ടെങ്കിൽ സൂപ്രണ്ടിനോട് പോയി പറയ്.
ഇത്തവണ അയാളുടെ സർവ നിയന്ത്രണവും നഷ്ടപ്പെട്ടു. ഡോക്ടറുടെ മുഖത്തു നോക്കി തന്നെ പറഞ്ഞു.
ഓ! ഒരു സൂപ്രണ്ട്. അയാളും കൂടി ചേർന്നാണല്ലോ ഇതൊക്കെ ചെയ്തു കൂട്ടുന്നത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സിക്കാൻ ഡോക്ടർമാർ തയ്യാറാണെങ്കിലും അതിന് സൂപ്രണ്ടിന്റെയും അയാളുടെ ശിങ്കിടികളുടെയും ഉത്തരവ് വേണം !

വാദപ്രതിവാദങ്ങൾ തുടരവെ എയ്ഡ് പോസ്റ്റിലെ പൊലീസുകാരൻ വന്ന് അയാളെ പിടിച്ച് പുറത്തിറക്കി. ഇതൊന്നും ശ്രദ്ധിക്കാതെ ആശുപത്രി കവാടത്തിനു പുറത്ത് കൈക്കുമ്പിളിൽ നിറച്ച വെള്ളം തുള്ളി തുള്ളിയായി ചോർത്തിക്കളഞ്ഞ് രസിക്കുന്ന ഒരു കുട്ടി അവളുടെ ശ്രദ്ധയിൽ പെട്ടു. അവന്റെ കൈയ്യിൽ നിന്നും ചോർന്നുപോകുന്ന വെള്ളത്തുള്ളികൾ ഒരു തൂണിൽ ചാരി നിർനിമേഷയായി അവൾ നോക്കി നിന്നു. സ്റ്റാഫ് നേഴ്സെത്തി പുതച്ചിരുന്ന ബെഡ് ഷീറ്റ് അയാളുടെ മുഖത്തേയ്ക്ക് വലിച്ചിട്ടപ്പോഴാണ് അവൾ ഞെട്ടിയുണർന്നത്. ചേതനയറ്റെങ്കിലും ഒന്നു കൂടി ആ മുഖം അവൾക്കു കാണണമെന്നുണ്ടായിരുന്നു. ഒഴുകിയിറങ്ങിയ മിഴിനീര് അവളുടെ കവിളുകളെ സ്പർശിച്ചെങ്കിലും മരവിച്ച മനസിൽ ഒരു ചലനവും സൃഷ്ടിച്ചില്ല. ജീവച്ഛവമായി നിന്ന അവളെ ആരൊക്കെയോ ചേർന്ന് സമീപത്തെ കസേരയിൽ പിടിച്ചിരുത്തുമ്പോഴേക്കും കുട്ടിയുടെ കൈയ്യിൽ നിന്നും അവസാന തുള്ളി വെള്ളവും ചോർന്നുപോയിരുന്നു …..!!!

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

18 + six =