നെടുമ്പാശേരി: റോഡില്‍ നിയമം ലംഘിക്കുന്ന കെഎസ്ആര്‍ടിസി ബസുള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കെതിരേയും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത്. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ നെടുന്പാശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന മോട്ടോര്‍ വാഹന വകുപ്പ് സെന്‍ട്രല്‍ സോണ്‍ 1, 2 ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തൊട്ടാകെ പരിശോധനകള്‍ ശക്തമായി തുടരുകയാണ്. നിയമവിരുദ്ധ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങള്‍, അനധികൃത രൂപമാറ്റങ്ങള്‍ മുതലായവ കര്‍ശനമായി പരിശോധിക്കും. വേഗനിയന്ത്രണ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ സഹായിക്കുന്ന കേന്ദ്രങ്ങളെ കണ്ടെത്തി അവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കും.
ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന എക്സൈസ് വകുപ്പുമായി ചേര്‍ന്നു പരിശോധന കര്‍ശനമാക്കും. ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കും. സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഗതാഗത നിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പുരോഗമിക്കുകയാണ്.നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് പോലുള്ള ഇതര സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ താമസിച്ച് മറ്റു സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അന്വേഷിച്ച് ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.പരിശോധനകള്‍ ശക്തമാക്കിയതോടെ റോഡുകളില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. ഡ്രൈവിംഗ് സംസ്കാരം മാറിവരും. സര്‍ക്കാരിന്റെയും കോടതിയുടെയും മികച്ച പിന്തുണ വകുപ്പിനു ലഭിക്കുന്നുണ്ട്.