കോവളം :കോവളത്ത് വിദേശവനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർക്കാണ് ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, ബലാത്സംഗം, ലഹരിയുപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ. 1.65 ലക്ഷം രൂപയും കോടതി പിഴയായി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകണം. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി മനസ്സിലാക്കുകയായിരുന്നു. കേരളത്തിൽ ആയുർവേദ ചികിത്സക്കെത്തിയ ലാത്വിയൻ യുവതി ലിഗയാണ് കൊല്ലപ്പെട്ടത്.
2018 മാർച്ച് 14ന് രാവിലെ നടക്കാനിറങ്ങിയ ലിഗയെ കാണാതാകുകയായിരുന്നു. 35 ദിവസത്തിന് ശേഷം കോവളത്തെ പൊന്തക്കാട്ടിൽ നിന്നും ലിഗയുടെ ജീർണിച്ച മൃതദേഹം ലഭിച്ചു. യുവതിയെ ടൂറസ്റ്റ് ഗൈഡുകളെന്ന വ്യാജേനയാണ് ഉമേഷും ഉദയകുമാറും ഇവിടെ എത്തിച്ചത്. തുടർന്ന് ലഹരിമരുന്ന് നൽകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നാലെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി.