കൂട്ടുപുഴ: കേരള- കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരം പാതയില്‍ വീണ്ടും വാഹനാപകടം. തെലങ്കാന സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മാക്കൂട്ടം ചുരം റോഡിലെ ഗര്‍ത്തത്തിലേക്ക് മറിഞ്ഞ് എട്ടുപേര്‍ക്ക് പരുക്കേറ്റു.നിയന്ത്രണം വിട്ട ടെംപോ ട്രാവലര്‍ അറുപതടി താഴ്ചയിലേക്കാണ് വീണത്. ഡ്രൈവര്‍മാരായ രാജു ചാക്കല്‍, മുഹമ്മദ് സാദത്ത്, തീര്‍ഥാടകരായ വെങ്കിടാചാരി, ശങ്കര്‍ പഴനി, അവിനാഷ്, നര്‍സിങ്, ബാനു പ്രസാദ്, സി എച്ച് അഭിലാഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഇരിട്ടിയില്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഡ്രൈവര്‍ രാജുവിനെ ചാല മിംമ്‌സ് ആശുപത്രിയിലേക്ക് മാറ്റി. ബുധന്‍ വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. പെരുമ്പാടി- മാക്കൂട്ടം ചുരം പാതയില്‍ അമ്പുവിന്റെ പീടികയ്ക്കടുത്ത വളവിലെ കുഴിയിലേക്കാണ് ട്രാവലര്‍ വീണത്. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമാണിത്. വാഹനത്തില്‍ പതിനൊന്നുപേര്‍ ഉണ്ടായിരുന്നു.
ഇരിട്ടി അഗ്‌നിരക്ഷാസേനയും കൂട്ടുപുഴയിലെ നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.