കല്‍പ്പെറ്റ: വയനാട് മീനങ്ങാടിയില്‍ യുവാവിന് കത്തികൊണ്ട് വെട്ടേറ്റു. മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസിനെയാണ് അജ്ഞാത സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മലക്കാട് സ്വദേശിയായ സിബി തോമസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ മൂന്ന്പേരടങ്ങുന്ന അജ്ഞാത സംഘം ആക്രമിച്ചെന്നാണ് പരാതി. കത്തി കൊണ്ട് സിബി തോമസിന്‍റെ തലയ്ക്ക് വെട്ടേറ്റു. പരിക്കേറ്റ സിബി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. അതേസമയം പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാത്രി പിറകില്‍ നിന്നുള്ള ആക്രമണമായതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സിബി പറയുന്നു. മീനങ്ങാടിയില്‍ പന്നിഫാം നടത്തുന്ന സിബി മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നുപന്നിഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസികളുമായി തര്‍ക്കങ്ങളും ഉണ്ട്. സംഭവത്തില്‍ മീനങ്ങാടി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഒരു മാസം മുന്‍പ് മീനങ്ങാടി ടൗണില്‍ വെച്ച് പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് സിബി രംഗത്ത് എത്തിയിരുന്നു. മീനങ്ങാടിയില്‍ പന്നിഫാം നടത്തുന്ന സിബി തോമസിനെ ടൗണിലെ ബാറിന് സമീപം വെച്ച് പൊലീസുകാര്‍ ലാത്തിഉപയോഗിച്ച് തല്ലിയെന്നാണ് പരാതി. തനിക്കെതിരെയുള്ള ക്രിമനല്‍ കേസുകള്‍ പൊലീസ് കെട്ടിച്ചമച്ചതെന്നായിരുന്നു ആരോപണം. ഇക്കാര്യം ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവിക്കും സിബി പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് സിബിയ്ക്ക് വെട്ടേല്‍ക്കുന്നത്.