മലയിന്‍കീഴ് : വിളപ്പില്‍ശാല ഖാദി ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് 11,000 രൂപ തട്ടിയെടുത്ത കേസില്‍ ബാലരാമപുരം അതിയന്നൂര്‍ തേമ്പാമുട്ടം എതൃക്കരിള വയലില്‍ വീട്ടില്‍ എസ്.സരിത്തി(30)നെ വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തു. ചെറുകോട് സ്വദേശി യുവതിയില്‍ നിന്ന് പണം തട്ടിയെടുത്തശേഷം ഫോണിലൂടെ ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയതായും പൊലീസ് പറഞ്ഞു. നിരവധി വ്യാജ പേരുകള്‍ പ്രതിക്കുണ്ട്. വിളപ്പില്‍ശാല ചൊവ്വള്ളൂരില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് സ്ത്രീ ശബ്ദത്തില്‍ ഫോണിലൂടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സമാനമായ രീതിയിലുള്ള കേസുകളില്‍ പ്രതിയാണ് സരിത്ത്.പലരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ പ്രതി തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.