ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്ത് ആസ്ഥാനമായ അങ്ങാടിക്കടവില്‍ വന്‍ കവര്‍ച്ച. രണ്ട് വീടുകള്‍ കുത്തിത്തുറന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണവും പണവും കവര്‍ന്നു. അയ്യന്‍കുന്ന് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇല്ലിക്കല്‍ ജോസ്, സമീപവാസി കൊച്ചുവേലിക്കകത്ത് സെബാസ്റ്റ്യന്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് വീട്ടിലും കവര്‍ച്ച നടന്നതെന്നാണ് സൂചന.
രണ്ട് വീടുകളിലും വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ഇല്ലിക്കല്‍ ജോസിന്‍റെ വീട്ടില്‍നിന്ന് 13 പവന്‍ ആഭരണങ്ങളും12,500 രൂപയുമാണ് മോഷ്ടിച്ചത്. വീടിന്‍റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാക്കള്‍ കിടപ്പുമുറികളിലെ വാതിലുകള്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവുംപണവും കവരുകയായിരുന്നു. വീടിന്‍റെ രണ്ടാം നിലയിലും കയറിയ മോഷ്ടാക്കള്‍ അവിടെയും വാതില്‍ കുത്തിത്തുറന്ന് തെരച്ചില്‍ നടത്തി. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം വാരി വലിച്ചിട്ട നിലയിലാണ്. വീടിന്‍റെ എല്ലാ മുറികളുടേയും വാതിലുകളും അലമാരകളും തകര്‍ത്തനിലയിലാണ്.അങ്ങാടിക്കടവ് യുപി സ്‌കൂളിനു സമീപത്താണ് ജോസിന്‍റെ വീട്. ഇവിടെ സ്‌കൂള്‍ വാര്‍ഷികം നടക്കുന്നുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്ന ഇല്ലിക്കല്‍ ജോസിന്‍റെ ഭാര്യ അന്നമ്മ രാത്രി എട്ടോടെ വാതില്‍ പൂട്ടി സ്‌കൂളില്‍ പരിപാടി കാണാന്‍ പോയതായിരുന്നു. രാത്രി പത്തോടെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വീട്ടിലെ എല്ലാ മുറികളുടെയും വാതിലുകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. ഉടന്‍തന്നെ കരിക്കോട്ടക്കരി പോലീസില്‍ വിവരമറിയിച്ചു.