കൊല്ലം : ജിയോളജിസ്റ്റ് ചമഞ്ഞ് ജില്ലയിലെ ക്വാറി ഉടമയില്‍നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ യുവതിയും യുവാവും പിടിയിലായി. നെയ്യാറ്റിന്‍കര ആനാവൂര്‍ എം ആര്‍ സദനത്തില്‍ പി ആര്‍ രാഹുല്‍ (31), കോഴിക്കോട് ചെലാവൂര്‍ സ്വദേശിനി നീതു എസ് പോള്‍ (34)എന്നിവരാണ് കോഴിക്കോട്ടുനിന്ന് കൊല്ലം സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്. കൊല്ലം ജില്ലാ ജിയോളജിസ്റ്റിന്റെ ചിത്രവും മറ്റൊരാളുടെ രേഖകള്‍ ഉപയോഗിച്ച് എടുത്ത സിം കാര്‍ഡും ഉപയോഗിച്ച് വ്യാജ വാട്സാപ് അക്കൗണ്ട് സൃഷ്ടിച്ചാണ് ക്വാറി ഉടമയെ ബന്ധപ്പെട്ടത്. വാട്സാപ്പ് വഴി സംസാരിച്ച് ക്വാറി ലൈസന്‍സ് പുതുക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു.പണം വാങ്ങാന്‍ യുവതിയെ കാറില്‍ അയക്കുമെന്ന് ക്വാറി ഉടമയെ അറിയിച്ചു. തുടര്‍ന്ന് കൊട്ടിയത്ത് ടാക്സികാറിലെത്തിയ നീതു പണം വാങ്ങി. പിന്നീട് ഇവര്‍ സിം ഒഴിവാക്കി. വാട്സാപ്പും ഡിലീറ്റാക്കി. ബന്ധപ്പെടാനാകാതെ വന്നതോടെ യഥാര്‍ഥ ജിയോളജിസ്റ്റിന്റെ നമ്പരില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. തുടര്‍ന്ന് ക്രഷര്‍ ഉടമ കൊല്ലം സിറ്റി സൈബര്‍ പൊലീസിനെ സമീപിച്ചു. ജിയോളജിസ്റ്റും പൊലീസില്‍ പരാതി നല്‍കി. ഒന്നാം പ്രതി രാഹുല്‍ ബീമാപ്പള്ളിയിലുള്ള ഒരു കടയില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങി. മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ഒരാളെ സമീപിച്ച് തന്റെ അമ്മ ആശുപത്രിയിലാണെന്നും ഫോണ്‍ നഷ്ടപ്പെട്ടു എന്നും മറ്റ് രേഖകളൊന്നുംകൈവശമില്ലാത്തതിനാല്‍ ഒരു സിം കാര്‍ഡ് എടുത്തു നല്‍കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് അയാളുടെ പേരില്‍ സിം കാര്‍ഡ് കൈക്കലാക്കി. ഈ നമ്പരുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈ നമ്പരിലെ കോള്‍ വിവരങ്ങളും പരാതിക്കാരനെ ബന്ധപ്പെടാന്‍ പ്രതികള്‍ ഉപയോഗിച്ച വാട്സാപ് സന്ദേശങ്ങളും ഐപി വിലാസങ്ങളും യാത്രചെയ്ത കാറും മറ്റും പിന്തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്കോഴിക്കോട് നിന്ന് പ്രതികള്‍ പിടിയിലായത് .