കണ്ണൂർ: പാനൂർ സ്വദേശിക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 30,000 രൂപ. ടെലഗ്രാം ആപ്പിലൂടെ പരിചയപ്പെട്ട് പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച് സൈബർ തട്ടിപ്പുകാർ പണം കൈക്കലാക്കുകയായിരുന്നു.ടെലഗ്രാമില്‍ വ്യാജ പരസ്യം കണ്ട് സാധനം വാങ്ങുന്നതിന് പണം നല്‍കിയ കൂത്തുപറമ്ബ് സ്വദേശിക്ക് 3,500 രൂപ നഷ്ടപ്പെട്ടു. ആവശ്യപ്പെട്ട തുക ലഭിച്ചതിനു ശേഷം ഓർഡർ ചെയ്ത സാധനം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. എസ്.ബി.ഐ യോനോ റിവാർഡ് പോയിന്റ് റഡീം ചെയ്യുന്നതിനായി ഫോണില്‍ മെസേജ് വരികയും ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയതിനെ തുടർന്ന് കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ യുവതിക്ക് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ നഷ്ടപ്പെടുകയും ചെയ്തു വ്യാജ വെബ്സൈറ്റ് വഴി പേഴ്സണല്‍ ലോണിനു അപേക്ഷിച്ച എളയാവൂർ സ്വദേശിയായ യുവാവിന് 8,450 രൂപ നഷ്ടപ്പെട്ടു.പ്രോസിസിങ് ഫീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ പണം തട്ടിയെടുത്തത്.
ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക്, വാട്സ്‌ആപ് തുടങ്ങിയ ഓണ്‍ലൈൻ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.