തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകരുതെന്നാണ് നിർദ്ദേശം.ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശവും നല്‍കിയിട്ടുണ്ട്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതല്‍ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷേഭം രൂക്ഷമാകാനുള്ള സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.