കൊച്ചി : ആക്രി വ്യാപാരത്തിന്‍റെ മറവില്‍ ജിഎസ്ടി തട്ടിപ്പ് നടത്തിയതിന്‍റെ മുഖ്യസൂത്രധാരൻ എന്ന് കരുതുന്ന ആള്‍ പിടിയില്‍.പാലക്കാട് ഓങ്ങല്ലൂർ സ്വദേശി ഉസ്മാൻ പുള്ളക്കല്ലിനെയാണ് ജിഎസ് ടി വകുപ്പ് പിടികൂടിയത്. 15 കോടി 91 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്.
കഴിഞ്ഞ മൂന്നു ദിവസമായി ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയുടെ ഒടുവിലാണ് സൈൻ എന്‍റര്‍പ്രൈസസ് ഉടമയായ ഉസ്മാൻ പുളിക്കല്‍ ജിഎസ്ടി വകുപ്പിന്‍റെ പിടിയിലായത്. വ്യാജ ബില്ല് ഉപയോഗിച്ച് തെറ്റായ ഇൻപുട്ട് ടാക്സ് ജനറേറ്റ് ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ആക്രി വ്യാപാരത്തിന്‍റെ മറവില്‍ വലിയ തോതിലുള്ള ജിഎസ്ടി തട്ടിപ്പ് നടക്കുന്നതായി ജിഎസ്ടി വകുപ്പ്കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു. ഓപ്പറേഷൻ പാമ് ട്രീ എന്ന് പേരിട്ടിരുന്ന പരിശോധനയില്‍ ആയിരം കോടി രൂപയ്ക്ക് മുകളിലുള്ള തട്ടിപ്പാണ് വകുപ്പ് കണ്ടെത്തിയത്.