എടവണപ്പാറ: ഇറച്ചിയെന്ന വ്യാജേന പ്രവാസിയുടെ ലഗേജില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സുഹൃത്ത് അറസ്റ്റില്‍. വാഴക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി കെ ശമീം(23) ആണ് അറസ്റ്റിലായത്. ഓമാനൂര്‍ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസലിന്റെ പരാതിയിലാണ് അറസ്റ്റ്.തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ചുപോവുകയായിരുന്ന ഫൈസലിന്റെ കൈവശമാണ് ഇറച്ചിയെന്ന വ്യാജേനയാണ് ശമീം സാധനം കൊടുത്തയക്കാന്‍ ശ്രമിച്ചത്. ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിക്കകത്ത് കഞ്ചാവടങ്ങിയ പൊതി വയ്ക്കുകയായിരുന്നു. ഗള്‍ഫിലേക്കുള്ള മറ്റൊരു സുഹൃത്തിന് നല്‍കാനെന്നാണ് പറഞ്ഞത്. യാത്രയ്ക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെയാണ് ശമീം നല്‍കിയ പെട്ടിയില്‍ കഞ്ചാവ് കണ്ടെത്തിയത്. സാധനങ്ങളെല്ലാം ഒതുക്കി വയ്ക്കുന്നതിനിടെ ശമീം നല്‍കിയ പെട്ടി തുറന്ന് സാധനങ്ങള്‍ മാറ്റി വയ്ക്കുന്നതിനിടെ പ്ലാസ്റ്റിക് പായ്ക്കില്‍ പ്ലാസ്റ്ററൊട്ടിച്ച നിലയിലായിരുന്നു കഞ്ചാവടങ്ങിയ ബോടില്‍ വച്ചിരുന്നത്. തുടര്‍ന്ന് വാഴക്കാട് പൊലീസ് സ്‌റ്റേഷനിലെത്തിച്ച് പരാതി നല്‍കുകയായിരുന്നു.