ഏറ്റുമാനൂര്‍: നിയന്ത്രണംവിട്ട് മറിഞ്ഞ കാറില്‍ നിന്ന് ഓടിച്ചിരുന്ന ആള്‍ ഇറങ്ങിയതിന് പിന്നാലെ കാറിന് തീപ്പിടിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സെന്‍ട്രല്‍ ജംക്ഷനില്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ഡിവൈഡറില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞത്. എറണാകുളം ഭാഗത്ത് നിന്നു കോട്ടയത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണംവിട്ട് മറിഞ്ഞ കാര്‍ ഒരു വശത്തേക്ക് മറിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം ഉയര്‍ത്തി ഓടിച്ചിരുന്ന ആളെ പുറത്തെത്തിച്ചതിന് പിന്നാലെ കാറിന്റെ എന്‍ജിന്‍ ഭാഗത്ത്‌നിന്ന് പുകയും തീയും ഉയരുകയും വാഹനം പൂര്‍ണമായി കത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വാഹനം ഓടിച്ചയാളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.സംഭവസ്ഥലത്ത് പൊലീസെത്തി റോഡ് ബ്ലോക് ചെയ്ത് കോട്ടയം അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. തൊട്ടടുത്തുള്ള പെട്രോള്‍ പമ്ബില്‍ നിന്നു ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. അഗ്‌നിരക്ഷാ സേനയുടെ ചെറിയ വാഹനം എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ വലിയ വാഹനം എത്തിച്ച് തീ കെടുത്തുകയായിരുന്നു.