ഭൂമിവില കണക്കാക്കി കെട്ടിട നികുതി; സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം: ഭൂമിവില കണക്കാക്കി കെട്ടിട നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പുതിയ തീരുമാനം നഗരങ്ങളിലെ കെട്ടിടങ്ങള്‍ ഉപേക്ഷിച്ച് കെട്ടിട ഉമകളും വ്യാപാരികളും ഗ്രാമപ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാക്കുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പഴേരി ഷെരീഫ് ഹാജി, ജനറല്‍ സെക്രട്ടറി നടരാജന്‍ പാലക്കാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിവര്‍ഷം 5 ശതമാനം കെട്ടിട നികുതി വര്‍ദ്ധിപ്പിക്കുന്ന തീരുമാനം പിന്‍വലിക്കണം. തീരുമാനം നടപ്പിലായാല്‍ നിലവിലെ ഭാരിച്ച നികുതി 5 വര്‍ഷം കഴിയുമ്പോള്‍ 50 ശതമാനവും 10 വര്‍ഷം കഴിയുമ്പോള്‍ ഇരട്ടിയായും വര്‍ധിക്കും. ഇതിന് പകരം സര്‍ക്കാരിന്റെ പരിഗണനയിലുള്ള മാതൃകാ വാടകപരിഷ്‌കരണ ബില്ല് പാസ്സാക്കുകയാണ് വേണ്ടത്. 3000 സ്‌ക്വയര്‍ ഫീറ്റുള്ള വീടുകള്‍ക്ക് പ്രതിവര്‍ഷം 15 ശതമാനം നികുതി വര്‍ദ്ധനവിലുള്ള തീരുമാനം ഉപേക്ഷിക്കണം. 15 വര്‍ഷം പഴക്കമുള്ള വീടുകള്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണം.
വ്യാപാര ലൈസന്‍സ് പുതുക്കുമ്പോള്‍ കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇത് മൂലം തങ്ങളുടെ ആകെയുള്ള സമ്പാദ്യം അന്യാധീനപ്പെടുന്ന സാഹചര്യമുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അസോസിയേഷന്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കി.
അസോസിയേഷന്‍ വര്‍ക്കിംഗ് സെക്രട്ടറി പി.പി അലവിക്കുട്ടി മലപ്പുറം, വൈസ് പ്രസിഡണ്ട് പി.എം. ഫാറൂഖ് ഹാജി കാസര്‍കോട്, പി.കെ. ഫൈസല്‍ കോഴിക്കോട്, കെരയത്ത് ഹമീദ് ഹാജി നാദാപുരം, വി.ടി. മുഹമ്മദ് റാഫി കാളികാവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 − 3 =