പൂജപ്പുര മണ്ഡപം സരസ്വതീദേവി ക്ഷേത്രത്തിലെ നവരാത്രി ഒരുക്കങ്ങൾ പൂർത്തിയായി

പൂജപ്പുര മണ്ഡപം സരസ്വതീദേവി ക്ഷേത്രത്തിലെ നവരാത്രി ഒരുക്കങ്ങൾ പൂർത്തിയായി
പൂജപ്പുര മണ്ഡപം സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവവും ആയി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ജനകീയസമിതി ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചരിത്രപ്രസിദ്ധവും പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര മണ്ഡപം സരസ്വതി ദേവി ക്ഷേത്രത്തിലെ 2023 വർഷത്തെ നവരാത്രി മഹോത്സവം ഒക്ടോബർ 15 മുതൽ 24 വരെ നടക്കുകയാണ്. നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 ഞായറാഴ്ച മുതൽ 24 ചൊവ്വാഴ്ച വരെ 10 ദിനരാത്രങ്ങളിൽ ആയിട്ടാണ് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നടക്കുന്നത്. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഭക്തിനിർഭരവും വിപുലവുമായ കലാപരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ഷേത്രാങ്കണത്തിലുള്ള ശ്രീ സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിലും, ശ്രീചിത്തിര തിരുനാൾ ആ ഡിറ്റോറിയത്തിലുമായിട്ടാണ് പരിപാടികൾ അരങ്ങേറുന്നത്.

നിത്യേന നവരാത്രി സംഗീതോത്സവം, നവരാത്രി പ്രഭാഷണ പരമ്പര, സാഹിത്യ സദസ്സ്, നവരാത്രി കലാസന്ധ്യ, ശ്രീ സരസ്വതി ദേവിയെ ഒൻപതു ഭാവങ്ങളിലും കുടിയിരുത്തി പൂജിക്കുന്ന കനകസഭ, വിജയദശമി ദിനത്തിലെ പൂജപ്പുര വിദ്യാരംഭം, വേളിമല കുമാരസ്വാമിയുടെ വെള്ളി കുതിര പുറത്തുള്ള എഴുന്നള്ളിപ്പ്, ആയിരങ്ങൾ പങ്കെടുക്കുന്ന മഹാകാവടി ഘോഷയാത്ര എന്നിവയാണ് ഉത്സവ പരിപാടികൾ ആയിട്ടുള്ളത്.

നവരാത്രി മഹോത്സവം 2023 ഉദ്ഘാടനം ഒക്ടോബർ 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സരസ്വതി മണ്ഡപം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ മന്ത്രി ശിവൻകുട്ടി ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്യും. വിശിഷ്ട അതിഥികളായി ഡോ. ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, വാർഡ് കൗൺസിലർ വി. വി. രാജേഷ്, മുൻ മേയർ അഡ്വ: ചന്ദ്രിക തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ചടങ്ങിൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം 2023, ഗുരുവായൂർ പുരസ്കാരം നേടിയ മൃദംഗ ശിരോമണി തിരുവനന്തപുരം വി സുരേന്ദ്രനെ ആദരിക്കും. 24ന് രാവിലെ 5.30 ന് സ്വാതി തിരുന്നാൾ സരസ്വതി മണ്ഡപത്തിലും ശ്രീചിത്ര തിരുനാൾ ആഡിറ്റോറിയത്തിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും.

ഭഗവാൻ കുമാരസ്വാമിയുടെ എഴുന്നള്ളത്തും കാവടി ഘോഷയാത്രയും ഒക്ടോബർ 24ന് നടക്കും. വിജയദശമി ദിനമായ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വെള്ളി കുതിരയിൽ എഴുന്നള്ളുന്നു ഭഗവാൻ വേളിമല കുമാരസ്വാമിക്ക് കരമന ജംഗ്ഷനിൽ ഭക്തിനിർഭരമായ സ്വീകരണം നൽകും. തുടർന്ന് നൂറുകണക്കിന് താലപ്പൊലിക്കാരുടെയും, ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ കുമാരസ്വാമിയെ എതിരേറ്റ് ആചാരാനുഷ്ഠാനങ്ങളോടെ പൂജപ്പുര മണ്ഡപത്തിൽ കുടിയിരുത്തുന്നു. തുടർന്ന് ചെങ്കള്ളൂർ ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ നിന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന കാവടി ഘോഷയാത്ര സരസ്വതി മണ്ഡപത്തിൽ എത്തിച്ചേരുകയും കാവടി അഭിഷേകം നടക്കുകയും ചെയ്യും. വൈകുന്നേരം 4. 30ന് നടക്കുന്ന പള്ളിവേട്ടയ്ക്ക് ശേഷം ഭഗവാൻ കുമാരസ്വാമിയുടെ തിരിച്ചെഴുന്നള്ളത്ത് നടക്കും.

നവരാത്രി വിഗ്രഹ ഘോഷയാത്രയിലെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് വെള്ളിക്കുതിര. വേലുത്തമ്പി ദളവ കുമാരകോവിൽ നടവരവായി സമർപ്പിച്ച വെള്ളിക്കുതിരയ്ക്ക് ഏകദേശം 1000 കിലോഗ്രാം ഭാരമുണ്ട് നവരാത്രി സമയത്ത് അൻപതു പേർ നാലുവശത്തുനിന്നും മാറിമാറി ചുമന്നാണ് അനന്തപുരി വരെ എത്തിക്കുന്നത്.

വിഗ്രഹ ഘോഷയാത്ര പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും യാത്ര തുടങ്ങുന്നതിനുമുമ്പ് തന്നെ വെള്ളി കുതിര ചുവന്ന പട്ടിൽ പൊതിഞ്ഞ് യാത്ര തിരിക്കുന്നു. നവരാത്രി വിഗ്രഹങ്ങൾ വിശ്രമിക്കുന്ന ക്ഷേത്രങ്ങളിൽ തന്നെയാണ് വെള്ളി കുതിരയും വിശ്രമിക്കുന്നത്. വെള്ളിക്കുതിര നവരാത്രി വിഗ്രഹങ്ങളുടെ കൂടെ അനുഗമിക്കുന്നില്ല എന്ന് മാത്രം.

വേളിമല കുമാരകോവിൽ നിന്നും യാത്രതിരിക്കുന്ന വെള്ളിക്കുതിര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തുകയും അവിടെനിന്നും രാത്രി കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ വിശ്രമിക്കുകയും ചെയ്യുന്നു. പിറ്റേദിവസം വിഗ്രഹ ഘോഷയാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ പുറപ്പെട്ട് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. നെയ്യാറ്റിൻകരയിൽ നിന്നും അതിരാവിലെ തിരിക്കുന്ന വെള്ളി കുതിര ഉച്ചയോടുകൂടി കരമന ആവടിയമ്മൻ ശിവക്ഷേത്രത്തിൽ എത്തി മൂടികെട്ടിയ പട്ടുതുണികൾ മാറ്റി പല്ലക്കിൽ നിന്നും മുരുകനെ വെള്ളിക്കുതിരയുടെ മുകളിൽ കയറ്റി അലങ്കരിച്ച് കരമനയിൽ നിന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്ര സന്നിധിയിൽ എത്തിക്കുകയും അവിടെവച്ച് മഹാരാജാവിന്റെ സ്വീകരണശേഷം ആര്യശാല ദേവീക്ഷേത്രത്തിൽ എത്തിക്കുകയും ചെയ്യുന്നു.

നവരാത്രി പൂജ കഴിഞ്ഞ് വിഗ്രഹങ്ങൾ അവരവരുടെ മാതൃ ക്ഷേത്രങ്ങളിലേക്ക് യാത്ര തിരിക്കും മുമ്പ് തന്നെ വെള്ളി കുതിരയെ വീണ്ടും പട്ടിൽ പൊതിഞ്ഞ് വന്നതുപോലെ വേളിമല കുമാരകോവിലിൽ എത്തിക്കുന്നു.

പത്രസമ്മേളനത്തിൽ ജനകീയ സമിതി പ്രസിഡന്റ് കെ. മഹേശ്വരൻ നായർ, സെക്രട്ടറി കെ. ബാലചന്ദ്രൻ, ട്രഷറർ കെ. ശശികുമാർ, വട്ടവിള ഗോപകുമാർ, ബുദ്ധൻ തുടങ്ങിയ ഭാരവാഹികൾ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

11 − 10 =