കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ സഹയാത്രികര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരിക്കു നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തി.തീപിടിത്തമുണ്ടായ ബോഗിയില്‍ നിന്ന് പുറത്തേക്ക് ചാടിയവരെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍ നിന്ന് കണ്ടെത്തി. ഒരു പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ട്രെയിനില്‍ നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശിയായ യുവതിയും ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റവരില്‍ പ്രിന്‍സ് എന്നയാളുടെ നില ഗുരുതരമാണ്. ഇയാള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 9.05 ഓടെ ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് എലത്തൂരിന് സമീപം കോരപ്പുഴ പാലത്തിലെത്തിയപ്പോഴായിരുന്നു സംഭവം.
ട്രെയിനിന്റെ ഡി1 കോച്ചില്‍ മൂന്ന് യാത്രക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്. ഉടന്‍ കോഴിക്കോട് റെയില്‍വേ പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. പൊള്ളലേറ്റ അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാലു പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാത്രക്കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് യാത്രക്കാര്‍ക്കും പൊള്ളലേറ്റത്.