ശ്രീചാമുണ്ഡി സന്നിധിയില്‍ രാജീവ് ചന്ദ്രശേഖര്‍; വരവേല്‍പ്പു നല്‍കി ഭക്തര്‍

തിരുവനന്തപുരം: കരിക്കകം ചാമുണ്ഡിദേവീ സന്നിധിയിലെത്തിയ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് ക്ഷേത്രഭാരവാഹികളുടെയും ഭക്തരുടെയും ഊഷ്മള വരവേല്‍പ്പ്. രാവിലെ കഴക്കൂട്ടം മണ്‍ലത്തിലെ പര്യടനത്തിനെത്തിയ സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രവര്‍ത്തകരാണ് ചാമുണ്ഡിദേവി സന്നിധിയിലേക്ക് വരവേറ്റത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പുറത്തിറങ്ങിയ അദ്ദേഹത്തെ ഭക്തര്‍ സ്‌നേഹംകൊണ്ടു മൂടി. ഇതിനിടയില്‍ അവിടെയുണ്ടായിരുന്ന നിരവധിപേര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഫോട്ടോയെടുക്കാനും സെല്‍ഫിയെടുക്കാനും ഒപ്പംകൂടി. ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി എത്തിയ എല്ലാ ഭക്ത ജനങ്ങളെയും നേരിട്ടുകണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. ക്ഷേത്ര പ്രസിഡന്റ് മധുസുദനന്‍ നായര്‍, സെക്രട്ടറി എം. ഭാര്‍ഗവന്‍ നായര്‍, ചെയര്‍മാന്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.
ഒരുവാതില്‍കോട്ടയില്‍ എത്തിയ സ്ഥാനാര്‍ത്ഥിയോട് മത്സ്യകച്ചവടത്തിന് വന്ന പൂന്തുറ സ്വദേശി ഇമ്മല്‍ടയ്ക്ക് പരാതികളേറെ പറയാനുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ മത്സ്യ കിസാന്‍ സമൃദ്ധി സഹയോജന പദ്ധതിയില്‍ ചേര്‍ന്ന ഇമ്മല്‍ടയ്ക്ക് കൂടുതല്‍ സഹായം ലഭിക്കാന്‍ ഇടപെടാമെന്ന ഉറപ്പ് അദ്ദേഹം നല്‍കി. 135 കോടി ജനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ആനൂകൂല്യം നല്‍കുന്നുണ്ടെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍ ഇമ്മല്‍ടയുടെ പ്രശ്‌നങ്ങള്‍ അന്വേഷിച്ച് പരിഹാരംകാണാന്‍ ഒപ്പമുണ്ടായിരുന്ന കൗണ്‍സിലര്‍ ടി.ജി കുമാരനോട് പറഞ്ഞു. അവിടെ നിന്നും ആനയറ, അരശുംമൂട്, കുളത്തൂര്‍, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. മത നേതാക്കളെയും സാമുദായ നേതാക്കളെയും സന്ദര്‍ശിച്ച അദ്ദേഹം ഭവന സന്ദര്‍ശനവും നടത്തി. എല്ലായിടത്തും ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, വൈസ് പ്രസിഡന്റ് ആര്‍.സി.ബീന, ഉള്ളൂര്‍ മണ്ഡലം പ്രസിഡന്റ് കരിക്കകം മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി ശ്യാം എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം അനുഗമിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 + one =