ന്യൂഡല്‍ഹി: മുംബൈ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഡല്‍ഹിയിലെ വെല്‍നെസ് സെന്‍റര്‍ കൊള്ളയടിച്ച ഏഴ് പേര്‍ അറസ്റ്റില്‍.ബുധനാഴ്‌ച ഉച്ചയോടെ നേതാജി സുഭാഷ് പ്ലേസ് കോംപ്ലക്‌സിലെ വെല്‍നസ് സെന്‍ററിന്‍റെ ഓഫീസിലേക്ക് എത്തിയ സംഘം ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഡല്‍ഹി, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.’സ്‌പെഷ്യല്‍ 26′ എന്ന ബോളിവുഡ് ചിത്രമാണ് മോഷണത്തിന് പ്രചോദനമായതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട് പറഞ്ഞു. 2013ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമാണ് സ്‌പെഷ്യല്‍ 26. വ്യാജ സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മുംബൈയില്‍ കവര്‍ച്ച നടത്തുന്നതാണ് നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പ്രമേയം. സമാനമായ രീതിയിലാണ് ഡല്‍ഹിയിലെ സംഘം കവര്‍ച്ച ആസൂത്രണം ചെയ്തത്. വെല്‍നെസ് സെന്‍ററിലേക്ക് അതിക്രമിച്ച് കയറിയ കൊള്ളസംഘം അഞ്ച് മണിക്കൂര്‍ നീണ്ട ‘റെയ്ഡിനൊടുവില്‍’ ഏഴ് ലക്ഷം രൂപയോളം കവര്‍ന്നാണ് സ്ഥലം വിട്ടത്. പണത്തിന് പുറമേ ഓഫീസിലെ ലാപ്‌ടോപ്പുകള്‍, പത്ത് ഫോണുകള്‍, ബാങ്ക് രേഖകള്‍ എന്നിവയും സംഘം കൈക്കലാക്കിയിരുന്നു.
പ്രശാന്ത് കുമാര്‍ പാട്ടീല്‍ (29) എന്നയാളാണ് കവര്‍ച്ചയുടെ മുഖ്യ ആസൂത്രകന്‍. ഇയാള്‍ മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. വ്യാജ കമ്ബനികള്‍ക്ക് വായ്പ അനുവദിച്ചെന്നാരോപിച്ച് ഭോപ്പാല്‍ ക്രൈം ബ്രാഞ്ച് കേസെടുത്തതിനെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. കേസിലകപ്പെട്ട് ഭോപ്പാല്‍ ജയിലില്‍ കഴിയവേ കൂട്ടുപ്രതി മജീദിനെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് വെല്‍നെസ് സെന്‍റര്‍ കൊള്ളയടിക്കാന്‍ പദ്ധതിയിടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പേരെ സംഘത്തില്‍ ചേര്‍ത്തു. രണ്ട് സ്‌ത്രീകളും ഇക്കൂട്ടത്തിലുണ്ട്.