മാള: ഷാപ്പില് ഗുണ്ട ആക്രമണം നടത്തിയ പ്രതികളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. ഷാപ്പില് അരിയംവേലില് വീട്ടില്‍ സഹജനെ (59) ആക്രമിച്ച് ഗുരുതര പരിക്കേല്പിച്ച കേസില്‍ കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടില്‍ പ്രമോദ് (29), വലിയപറമ്ബ് പള്ളിയില്‍ വീട്ടില്‍ കൃഷ്ണദേവ് (21), താണിശ്ശേരി വീട്ടില്‍ രജീവ് (42) എന്നിവരെയാണ് മാള എസ്.എച്ച്.ഒ സജിന്‍ ശശി അറസ്റ്റുചെയ്തത്.വധശ്രമമടക്കം ഇരുപത്തഞ്ചോളം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രമോദ് കാപ്പ നിയമപ്രകാരം ജയില്‍ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയ ആളാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രതികള്‍ ലഹരി ഉപയോഗിച്ച് പരസ്പരം വഴക്കുകൂടുന്ന സമയം ഇവരുടെ സമീപത്തുകൂടി പോയ സഹജന് (59) എന്നയാളെ ശരീരത്തില്‍ തട്ടി എന്ന കാരണത്തില്‍ മര്‍ദിക്കുകയായിരുന്നു.മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടാന്‍ സഹജന് സമീപത്തെ കള്ളുഷാപ്പിലേക്ക് ഓടിക്കയറി. പ്രതികളും ഷാപ്പില് കയറി. പ്രമോദ് കള്ളുകുപ്പി എടുത്ത് സഹജന്റെ തലക്കടിച്ചു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തിപ്പരിക്കേല്പിച്ചു. കുത്തേറ്റ സഹജനെ ചാലക്കുടി ഗവ. ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. ശേഷം ജില്ല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.