തൊടുപുഴ: ഇരുചക്ര വാഹനത്തില്‍ കറങ്ങി ബൈക്ക് യാത്രികരായ സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ പണം തട്ടിയെടുത്തിരുന്നയാളെ പൊലീസ് പിടി കൂടി.തൊടുപുഴ വെങ്ങല്ലൂര്‍ പിടിവീട്ടില്‍ മണിക്കുട്ടനെയാണ് (52) തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധുബാബുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ പിന്നാലെയെത്തി നിങ്ങളുടെ വാഹനത്തിന്റെ ഓയില്‍ ഉടന്‍ മാറിയില്ലെങ്കില്‍ വാഹനത്തിന് തീ പിടിക്കുമെന്ന് പറയും. വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുന്നയാളാണെന്ന് പരിചയപ്പെടുത്തിയാണ് ഇവരെ വിശ്വസിപ്പിക്കുന്നത്. ഓയില്‍ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് 500 രൂപയും മറ്റും വാങ്ങി ഓയില്‍ ഒഴിച്ചു നല്‍കും. ഒട്ടേറെ വാഹനയുടമകള്‍ ഇയാള്‍ പറഞ്ഞത് വിശ്വസിച്ച് പണം നല്‍കി ഓയില്‍ മാറി. എന്നാല്‍ സംശയംതോന്നിയ ചിലര്‍ വാഹനം ഷോറൂമില്‍ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഒഴിച്ചത് ഉപയോഗ ശൂന്യമായ കരിഓയിലാണെന്ന് വ്യക്തമായത്.ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള ഭാരവാഹികള്‍ ഇതു സംബന്ധിച്ച് ഡിവൈ.എസ്.പിയ്ക്ക് പരാതി നല്‍കിയിരുന്നു. കബളിക്കപ്പെട്ട ചിലരും വിവരം പൊലീസിനെ അറിയിച്ചു.