ബെംഗളൂരു: മകള്‍ക്ക് ഭക്ഷണം വാങ്ങാന്‍ തീവണ്ടിയില്‍ നിന്നിറങ്ങിയ യുവതി തിരിച്ചുകയറുന്നതിനിടെ കാല്‍വഴുതി ട്രാക്കില്‍ വീണുമരിച്ചു. പശ്ചിമബംഗാള്‍ സ്വദേശി ഷീതള്‍ (31) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ ബൈയപ്പനഹള്ളി സര്‍ എം. വിശ്വേശ്വരായ ടെര്‍മിനലിന്റെ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമിലാണ് അപകടം. യുവതിയുടെ മൂന്നു വയസ്സുള്ള മകളും അമ്മയും തീവണ്ടിയിലുണ്ടായിരുന്നു.
കാമാഖ്യ എ.സി. സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ ബെംഗളൂരുവില്‍നിന്ന് പശ്ചിമബംഗാളിലെ ന്യൂ അലിപര്‍ദൗര്‍ സ്റ്റേഷനിലേക്കു പോവുകയായിരുന്നു കുടുംബം. തീവണ്ടിയുടെ എ.സി. കോച്ചില്‍നിന്ന് മകള്‍ക്ക് ചിപ്സ് വാങ്ങുന്നതിനായി യുവതി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയെങ്കിലും തീവണ്ടി പുറപ്പെടുന്നതുകണ്ട് വേഗം തിരിച്ചുകയറാന്‍ ശ്രമിച്ചു.ഈ സമയം കാല്‍വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ പട്രോളിങ്ങിലുണ്ടായിരുന്ന റെയില്‍വേ പോലീസ് യുവതിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചുകയറ്റി.
യുവതിയുടെ ഒരുകൈക്ക് മാരകമായി പരിക്കേറ്റിരുന്നു. ആംബുലന്‍സില്‍ ബൗറിങ് ആശുപത്രിയിലെത്തിച്ചെങ്കിലും അധികംതാമസിയാതെ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുമുമ്ബ് യുവതി അമ്മയുടെ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നെന്ന് പോലീസ് പറഞ്ഞു.