നിലമ്പൂർ: മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി അറിയാന്‍ വൈദ്യനെ ഒന്നരവര്‍ഷം തടവിലിട്ട് കൊലപ്പെടുത്തി ചാലിയാറില്‍ തള്ളിയ കേസിലെ വിവരങ്ങള്‍ പുറത്ത്.മറ്റൊരു കേസിന്‍റെ അന്വേഷണത്തിനിടെയാണ് പരാതിക്കാരനെ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ അതിക്രമിച്ച് കയറി തന്നെ ബന്ദിയാക്കി ഏഴംഗ സംഘം ലക്ഷങ്ങള്‍ കവര്‍ച്ച നടത്തിയെന്ന് പരാതി നല്‍കിയ ആളെയാണ് കൊലപാതകക്കേസിലെ പ്രധാന പ്രതിയെന്ന സൂചനയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏപ്രില്‍ 24ന് മുക്കട്ടയിലെ വീട്ടില്‍ ആക്രമിക്കപ്പെട്ടതായി നിലമ്ബൂര്‍ പൊലീസില്‍ പരാതി നല്‍കിയ പ്രവാസി വ‍്യവസായി കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫിനെയാണ് (40) കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ ബത്തേരി സ്വദേശി തങ്ങളകത്ത് അഷറഫ് എന്ന മുത്തു (47) ദിവസങ്ങള്‍ക്കുമുമ്ബ് നിലമ്പൂർ പൊലീസിന്‍റെ പിടിയിലായിരുന്നു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രധാന പ്രതി നൗഷാദുള്‍പ്പെടെ അഞ്ചംഗ സംഘം സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യഭീഷണി മുഴക്കിയിരുന്നു. പരാതിക്കാരനായ ഷൈബിനെതിരെ ഗുരുതര ആരോപണമുന്നയിച്ചായിരുന്നു ആത്മഹത‍്യശ്രമം. തുടര്‍ന്ന് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്ത് നിലമ്ബൂര്‍ പൊലീസിന് കൈമാറിയിരുന്നു.