ഗുരുവായൂരില്‍ സ്വകാര്യ ബസിനുനേരെ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം; ബസ് ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കും പരിക്ക്

തൃശൂര്‍: ഗുരുവായൂരില്‍ സ്വകാര്യ ബസിനുനേരെ കോളജ് വിദ്യാര്‍ഥികളുടെ ആക്രമണം. ബസ് ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കും പരിക്ക്.ഗുരുവായൂര്‍ പൊന്നാനി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫര്‍ഹാന ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. ബസിന്റെ ഇടതുവശത്തെ ചില്ല് വിദ്യാര്‍ഥികള്‍ തല്ലി തകര്‍ത്തു. ഈ ഭാഗത്തിരുന്ന യാത്രക്കാരിയുടെ മുഖത്ത് ചില്ല് തറച്ച്‌ രക്തം വാര്‍ന്നൊലിച്ചു. രക്തവും ബഹളവും കണ്ട് പരിഭ്രമിച്ച ഇവര്‍ ബസ്സില്‍ നിന്നിറങ്ങി മറ്റൊരു വാഹനത്തില്‍ കയറിപ്പോയി. മറ്റൊരു യാത്രക്കാരിയായ കുഴിങ്ങര വേളക്കാട്ട് സിന്ധു, ബസ് ഡ്രൈവര്‍ ഷിജു എന്നിവര്‍ക്കും പരിക്കേറ്റു.
തൊഴിയൂര്‍ ഐ.സി.എ കോളജിന് സമീപം വൈകിട്ട് 5. 52 നായിരുന്നു ആക്രമണം. സ്റ്റോപ്പില്‍ ബസ് നിര്‍ത്തുന്നില്ലെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആരോപണം. എന്നാല്‍ സ്റ്റോപ്പില്‍ നിര്‍ത്തിയ സമയത്ത് ഒരു സംഘം വിദ്യാര്‍ഥികള്‍ എത്തി ബസ് തടഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് ജീവനക്കാര്‍ പറഞ്ഞു. ബസ്സിനുള്ളില്‍ കയറി സ്ത്രീകള്‍ അടക്കമുള്ളവരോട് അസഭ്യം പറഞ്ഞതായി യാത്രക്കാര്‍ പറഞ്ഞു.

You May Also Like

About the Author: Jaya Kesari