
ത്യശ്ശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് മൃഗസംരക്ഷണ വകുപ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.ഭോപ്പാലിലെ എൻ.ഐ.എച്ച്.എസ്.എ.ഡി. ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള ദ്രുത കർമ്മ സേന (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) പ്രവർത്തനം ആരംഭിച്ചു.
രോഗം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിനായി, രോഗബാധ കണ്ടെത്തിയ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റർ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതിനും, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനത്തിനും, പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ടുപോകുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നല്‍കി.
