
ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് വിജയദശമി. ഒമ്പത് ദിവസത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമായെത്തുന്ന ഈ ദിനം, മതപരമായും സാംസ്കാരികപരമായും വലിയ പ്രാധാന്യമുള്ളതാണ്.
വിജയദശമി മുന്നോട്ട് വയ്ക്കുന്ന സന്ദേശം എന്തെന്നാൽ “ധർമ്മം എന്നും ജയിക്കും” എന്നതാണ് . അസത്യവും അധർമ്മവും എത്ര ശക്തമായി വളർന്നാലും, ഒടുവിൽ സത്യം മുന്നിൽ ജയിക്കും എന്ന വിശ്വാസമാണ് ഈ ദിനം ലോകത്തെ പഠിപ്പിക്കുന്നത്.
രാവണനെ തോൽപ്പിച്ച രാമൻ:-
വിജയദശമിയുടെ പ്രാധാന്യം രാമായണത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അടിവരയിടപ്പെടുന്നത്. രാവണൻ തന്റെ അധികാരം, ശക്തി, ഭ്രാന്തമായ അഭിമാനം എന്നിവ കൊണ്ട് ലോകത്തെ ഭീതിയിലാഴ്ത്തി. എന്നാൽ ധർമ്മത്തിന്റെയും സത്യത്തിന്റെയും മാർഗ്ഗം പിന്തുടർന്ന രാമൻ, രാവണനെ തോൽപ്പിച്ച് വിജയിച്ചു.രാവണന്റെ പതിനൊന്ന് തലകൾ, അധർമ്മത്തിന്റെ വിവിധ മുഖങ്ങളെ പ്രതിനിധീകരിക്കുന്നു.
രാമന്റെ വിജയം, സഹനവും നീതിയും വിനയവും ഒരുമിച്ച് നിലകൊള്ളുമ്പോൾ ലോകത്തെ വലിയ അധർമ്മവും പരാജയപ്പെടും എന്ന് തെളിയിക്കുന്നു.
മഹിഷാസുര മർദിനി – സ്ത്രീശക്തിയുടെ മഹത്തായ പ്രതീകം:-
വിജയദശമിയുമായി ബന്ധപ്പെട്ട മറ്റൊരു ശക്തമായ കഥയാണ് മഹിഷാസുര മർദിനി.അസുരനായ മഹിഷാസുരൻ ദേവന്മാരെയും മനുഷ്യരെയും ഭീതിയിലാഴ്ത്തി.ദേവന്മാരുടെ ശക്തി ഒന്നിച്ച് കൂടി, ദുർഗ്ഗയെ സൃഷ്ടിച്ചു.ഒടുവിൽ ദുർഗ്ഗ മഹിഷാസുരനെ വധിച്ചു.ഈ കഥയുടെ സന്ദേശം എന്തെന്നാൽ
സ്ത്രീയുടെ ശക്തി എന്നും അതുല്യമാണ് എന്നതാണ്.ദുര്ബലമായി തോന്നുന്നവർ പോലും, വിശ്വാസവും ധൈര്യവും ചേർന്നാൽ വലിയ അധർമ്മങ്ങളെ തോൽപ്പിക്കും.അതുകൊണ്ടാണ് ഇന്നും ദുർഗ്ഗാരാധനയും നവരാത്രി ആഘോഷവും സ്ത്രീശക്തിയുടെ മഹത്തായ പ്രതീകമായി കണക്കാക്കി വരുന്നു.
ദസറയുടെ സാമൂഹിക പ്രാധാന്യം:-
വിജയദശമി ഒരു മതാഘോഷം മാത്രമല്ല, സമൂഹത്തെ ഒന്നിപ്പിക്കുന്ന ദിനം കൂടിയാണ്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യത്യസ്ത രീതിയിൽ ആഘോഷിക്കപ്പെടുന്നു.വടക്കേ ഇന്ത്യയിൽ ‘രാമലീല’ മുഖേന രാവണന്റെ പ്രതിമ കത്തിക്കുന്നതാണ് മുഖ്യാഘോഷം.കർണാടകയിൽ മൈസൂർ ദസറ രാജ്യോത്സവത്തിന്റെ ഭംഗിയിൽ, രാജകീയ പരേഡുകൾ, കലാപരിപാടികൾ എന്നിവയോടെ ആഘോഷിക്കുന്നു.കേരളത്തിൽ വിജയദശമി വിദ്യാരംഭം ദിനമായി പ്രസിദ്ധമാണ്.
കേരളത്തിലെ വിജയദശമി :-
കേരളത്തിലെ വിജയദശമിയുടെ പ്രത്യേകതയാണ് വിദ്യാരംഭം.കുട്ടികൾക്ക് അക്ഷരങ്ങൾ പഠിപ്പിക്കുന്ന ആദ്യദിനം വിജയദശമി തന്നെയാണ്. ക്ഷേത്രങ്ങളിലും ഗുരുമഠങ്ങളിലും അക്ഷരാരംഭം നടത്തുന്നത് പതിവാണ്.
“ഓം ഹരി ശ്രീ ഗണപതയേ നമഃ” എന്ന വാചകത്തോടെ കുട്ടികൾക്ക് എഴുത്തിന്റെ തുടക്കം കുറിക്കുന്നു.
ഇത് ഒരു മതാചാരമല്ലാതെ, വിദ്യാഭാസത്തോടുള്ള ആദരവും വിജ്ഞാനത്തോടുള്ള സമർപ്പണവും പ്രതിനിധീകരിക്കുന്നു.കേരളത്തിലെ പല കുടുംബങ്ങളിലും ഇന്നും വിജയദശമിയോട് അനുബന്ധിച്ച് പുസ്തകങ്ങൾ, ഉപകരണങ്ങൾ, സംഗീതോപകരണങ്ങൾ, തൊഴിലുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ പൂജയ്ക്കായി വെച്ച് വീണ്ടും ഉപയോഗിക്കുന്നത് പതിവാണ്.
മിത്തുകളിലെ രാവണനെയും മഹിഷാസുരനെയും പോലെ, ഇന്നത്തെ സമൂഹത്തിലും പല ‘അധർമ്മങ്ങൾ’ നിലനിൽക്കുന്നുണ്ട്.അവയെ നേരിടാൻ ധാർമ്മികതയും സത്യവും ആയുധമാക്കണം എന്നാണ് വിജയദശമി പറയുന്നത്.
