
ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരില്‍ ഭാരത് മാല എക്സ്പ്രസ് വേയില്‍ അമിതവേഗതയിലെത്തിയ ടെമ്ബോ ട്രാവലർ റോഡരികില്‍ പാർക്ക് ചെയ്ത ട്രക്കില്‍ ഇടിച്ചുകയറി 15 പേർ മരിച്ചു.ക്ഷേത്രദർശനത്തിന് പോയി മടങ്ങവെയുണ്ടായ അപകടത്തില്‍ മൂന്ന് യാത്രക്കാർക്ക് ഗുരുതര പരിക്കും ഏറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ടെമ്ബോ ട്രാവലർ പൂർണമായി തകർന്നു. മൃതദേഹങ്ങള്‍ സീറ്റുകളില്‍ കുടുങ്ങിക്കിടന്നതിനാല്‍ പുറത്തെടുക്കാൻ വലിയ ബുദ്ധിമുട്ട് നേരിട്ടെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. നാട്ടുകാരും പൊലീസും മറ്റ് വാഹനയാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആദ്യം അടുത്ത ആശുപത്രിയിലെത്തിച്ച ശേഷം ജോധ്പൂരിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്കി. അപകടത്തില്‍പ്പെട്ടവർ ജോധ്പൂരിലെ ഫലോദി സ്വദേശികളാണ്.
