കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും (KSCSTE), കേന്ദ്ര ഗവണ്മെന്റ് ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സ്വയം ഭരണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും (SCTIMST) സംയുക്തമായി ഡോ. എം. എസ്. വല്യത്താൻ അനുസ്മരണ പ്രഭാഷണം 2025 നവംബർ 18-ന് രാവിലെ 10:30-ന് ശ്രീ ചിത്രയിലെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു.
ഈ അനുസ്മരണ പ്രഭാഷണം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടറും KSCSTE-യുടെ ആദ്യത്തെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായിരുന്ന ‘ഡോ. എം. എസ്. വല്യത്താൻ’ എന്ന മഹാനോടുള്ള ആദരവാണ്.
മെഡിക്കൽ സയൻസസിലും ബയോമെഡിക്കൽ സാങ്കേതികവിദ്യയിലും ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു മികവിന്റെ കേന്ദ്രമായി ശ്രീ ചിത്ര തിരുനാൾ ഇന്സ്ടിട്യൂട്ടറിനെ വളർത്തുന്നതിന് അടിത്തറയിട്ടത് അദ്ദേഹമാണ്. ഒരു പ്രഗത്ഭനായ കാർഡിയാക് സർജനും, ബയോമെഡിക്കൽ ഗവേഷകനും, ദീർഘവീക്ഷണമുള്ള ഭരണാധികാരിയുമായിരുന്ന ഡോ. വല്യത്താൻ ശ്രീ ചിത്രയുടെ ബഹുമുഖ ഘടന രൂപപ്പെടുത്തുന്നതിലും, തദ്ദേശീയ ബയോമെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിലും, ഭാരതത്തിലെ ക്ലിനിക്കൽ ഗവേഷണം ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വം ബയോ മെഡിക്കൽ ശാസ്ത്ര ശാഖയുടെ മുന്നേറ്റത്തിനും, മികച്ച രോഗീകേന്ദ്രീകൃത പരിചരണത്തോടുമുള്ള ശ്രീ ചിത്രയുടെ പ്രതിബദ്ധതയ്ക്ക് ഒരു മാതൃക ആയി തീർന്നു .
2026 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ എറണാകുളത്തെ സ്വയം ഭരണ വിദ്യാഭ്യാസ സ്ഥാപനം ആയ സെന്റ് ആൽബർട്ട്സ് കോളേജിൽ, KSCSTE സംഘടിപ്പിക്കുന്ന 38-ാമത് കേരള സയൻസ് കോൺഗ്രസ്സിന് മുന്നോടിയായാണ് ‘ഡോ. എം. എസ്. വല്യത്താൻ അനുസ്മരണ പ്രഭാഷണം’ നടത്തുന്നത്.
കേരളത്തിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞർ ശാസ്ത്ര സാങ്കേതിക മേഖലയ്ക്ക് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ അനുസ്മരിക്കുന്നതിനായി സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളിൽ അനുസ്മരണ പ്രഭാഷണങ്ങളുടെ ഒരു പരമ്പരയാണ് സംഘടിപ്പിക്കുന്നത്.
കേന്ദ്ര ഗവൺമെന്റിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി സെക്രട്ടറി പ്രൊഫ. രാജേഷ് എസ്. ഗോഖലെയാണ് ഈ അനുസ്മരണ പ്രഭാഷണം നടത്തുന്നത്. KSCSTE എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. പി. സുധീർ പരിപാടിയിൽ അധ്യക്ഷത വഹിക്കും. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി, ‘ഡോ. എം. എസ്. വല്യത്താന്റെ ശാസ്ത്ര സാങ്കേതിക മേഖലയിലെ സംഭാവനകളെ’ക്കുറിച്ച് സംസാരിക്കും. KSCSTE മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശാരിക എ. ആർ., സയന്റിസ്റ്റ് അർജുൻ പ്രസാദ് എന്നിവരും സദസ്സിനെ അഭിസംബോധന ചെയ്യും.
