ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഡിറ്റ് വ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ ഒരാഴ്ചയായി ദുർബലമായ തുലാവർഷ മഴ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി.ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.ഡിറ്റ് വ പിൻവാങ്ങിയതോടെ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കൻ കാറ്റ് അനുകൂലമായതോടെയാണ് മഴക്ക് സാധ്യത തെളിഞ്ഞത്. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും ചെറിയ തോതിലുള്ള മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശബരിമലയില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.അതേസമയം, തമിഴ്നാട്ടില്‍ ഡിറ്റ് വ ചുഴലിക്കാറ്റ് ന്യൂനമർദമായി തുടരുന്നു. തീരദേശ മേഖലയിലും മലയോര ജില്ലകളിലും ഇടവിട്ട് മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഇന്ന് നീലഗിരി, ഈറോഡ്, കോയമ്ബത്തൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
തമിഴ്നാട്ടിലെ ചെങ്കല്‍ പേട്ട് ജില്ലയിലെയും പുതുച്ചേരിയിലെയും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശമേഖലകളില്‍ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴ ഉണ്ടാകുമെന്നാണ് പ്രവചനം. മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈയില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ ഇന്നലെ റദ്ദാക്കിയിരുന്നു.

You May Also Like

About the Author: Jaya Kesari