കാഞ്ഞിരപ്പള്ളി: സ്കൂട്ടറും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാർഥി മരിച്ചു. കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19) ആണ് മരിച്ചത്.കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്നു.എരുമേലിക്ക് സമീപം ചരളയില്‍ വച്ച് ഇന്നു പുലർച്ചെ ഏഴോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ജെസ്വിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അപകടത്തിന് പിന്നാലെ ശബരിമല റൂട്ടില്‍ നേരിയ ഗതാഗത തടസമുണ്ടായി.

