മദ്യലഹരിയില്‍ കത്തി മോഷ്ടിച്ചെന്നാരോപിച്ചുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: മദ്യലഹരിയില്‍ കത്തി മോഷ്ടിച്ചെന്നാരോപിച്ചുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം.കുളത്തൂർ അരുവല്ലൂർ സ്വദേശി 40 കാരനായ മനോജ് ആണ് മരിച്ചത്.സംഭവത്തിന് പിന്നാലെ സമീപവാസിയായ പ്രതി ഒളിവില്‍. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അരുവല്ലൂരിലായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന മനോജ് കൈവശമുണ്ടായിരുന്ന കത്തി മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ പന കയറ്റ തൊഴിലാളിയായ ശശിധരനുമായി വാക്കേറ്റമുണ്ടാകുകയും ശശിധരന്‍റെ മുഖത്ത് മർദിക്കുകയും ചെയ്തു.
പ്രകോപിതനായ ശശിധരൻ തന്‍റെ പക്കലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ മനോജിനെ കുത്തുകയായിരുന്നു. ക്രിമിനല്‍ കേസുകളിലടക്കം പ്രതിയായ മനോജ് ശരീരത്തിലുടനീളം പരിക്കേറ്റ് രക്തം വാർന്ന് ഏറെ നേരം വഴിയില്‍ കിടന്നെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.നാട്ടുകാരിലാരോ വിവരമറിയിച്ചതിനെത്തുടർന്ന് പൊഴിയൂർ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശശിധരനെ കണ്ടെത്താൻ അന്വേഷണംഊർജ്ജിതമാക്കിയതായി പൊഴിയൂർ പൊലീസ് അറിയിച്ചു.

You May Also Like

About the Author: Jaya Kesari