പുനലൂർ കോളേജ് ജംഗ്‌ഷന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം : പുനലൂർ കോളേജ് ജംഗ്‌ഷന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപത്തെ തോട്ടില്‍ ഇന്ന് പുലർച്ചെ മരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ പാടുകളുണ്ട്. വിവാദമായ കെവിൻ കൊലക്കേസില്‍ പ്രതി ചേർക്കപ്പെട്ടിരുന്ന ഷിനുവിനെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു. ഇയാളുടെ സഹോദരൻ ഷാനു ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ പരോളിലാണ്.
അമിതമായി മദ്യപിച്ച്‌ ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫ്ലാറ്റിന് മുകളില്‍ നിന്ന് ഷിനുവിന്റെ മൊബൈല്‍ ഫോണും മദ്യക്കുപ്പികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിലെ മുറിവുകള്‍ വീഴ്ചയുടെ ആഘാതത്തില്‍ ഉണ്ടായതാണോ അതോ മറ്റ് അസ്വാഭാവിക കാരണങ്ങളാലാണോ എന്ന് പരിശോധിച്ചുവരികയാണ്.

You May Also Like

About the Author: Jaya Kesari