മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുള്ള കുട്ടിയുടെ വലതുകൈയിലെ ചെറുവിരല്‍ തെരുവുനായ കടിച്ചെടുത്തു

ഹരിപ്പാട്: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുള്ള കുട്ടിയുടെ വലതുകൈയിലെ ചെറുവിരല്‍ തെരുവുനായ കടിച്ചെടുത്തു.വിരലിന്റെ പകുതിയോളം നഷ്ടപ്പെട്ടു. പിലാപ്പുഴ നന്ദനം വീട്ടില്‍ ജിതേഷിന്റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് നായ ആക്രമിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും വീട്ടിലുണ്ടായിരുന്നു. അവർക്കൊപ്പമായിരുന്ന കുഞ്ഞ് വരാന്തയില്‍ കളിക്കുകയായിരുന്നു. ഇതിനിടെ മുറ്റത്തിറങ്ങിയ കുഞ്ഞിനെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രക്തംവാർന്ന കൈയുമായി ഉടനേ ആശുപത്രിയിലെത്തിച്ചു കുഞ്ഞിനു പ്രതിരോധ വാക്സിൻ നല്‍കി. 48 മണിക്കൂർ നിരീക്ഷണത്തില്‍ തുടരാൻ ഡോക്ടർ നിർദേശിച്ചു.

You May Also Like

About the Author: Jaya Kesari