“ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ മാഗ്നറ്റിക് റെസൊണൻസ് ഇൻ മെഡിസിൻ (ISMRM) ആതിഥേയത്വം വഹിക്കുന്ന പന്ത്രണ്ടാമത് ISMRM വാർഷിക സമ്മേളനം: ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് – ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇമേജിംഗ് സയൻസസ് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജിയുടെ നേതൃത്വത്തിൽ, തിരുവനന്തപുരത്തു വച്ച് നടക്കുന്നു:”

തിരുവനന്തപുരം, — ഇൻ്റർനാഷണൽ സൊസൈറ്റി ഫോർ മാഗ്നറ്റിക് റെസൊണൻസ് ഇൻ മെഡിസിൻ (ISMRM) ഇന്ത്യൻ ചാപ്റ്ററിൻ്റെ 12-ാമത് വാർഷിക സമ്മേളനം 2026 ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ തിരുവനന്തപുരത്ത് നടക്കും. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ (SCTIMST) ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇമേജിംഗ് സയൻസസ് ആൻഡ് ഇൻ്റർവെൻഷണൽ റേഡിയോളജിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഹോട്ടൽ ഒ ബൈ താമരയിലാണ് (Hotel O by Tamara) ഈ പ്രമുഖ ശാസ്ത്ര സമ്മേളനം സംഘടിപ്പിക്കുന്നത്. ഔദ്യോഗിക ഉദ്ഘാടനം കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ ഫെബ്രുവരി 28-ന് നിർവ്വഹിക്കും.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (MRI), ഡാറ്റാ പ്രോസസ്സിംഗ് എന്നിവയിലെ പുതിയ കണ്ടുപിടുത്തങ്ങൾ ചർച്ച ചെയ്യുന്നതിനായി പല രാജ്യങ്ങളിൽ നിന്നും ഡോക്ടർമാരും ശാസ്ത്രജ്ഞരും വ്യവസായ വിദഗ്ധരും ഒത്തുചേരും. കോൺഫറൻസിനോടനുബന്ധിച്ച് ഫങ്ഷണൽ ന്യൂറോ ഇമേജിംഗ് (Functional Neuroimaging), കാർഡിയാക് ഇമേജിംഗ്, എംആർഐയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നീ വിഷയങ്ങളിൽ വർക്ക്‌ഷോപ്പുകൾ നടക്കും. കൂടാതെ പ്രൊഫ. നരണമംഗലം ആർ. ജഗന്നാഥൻ ദേശീയ ശാസ്ത്ര ദിന – ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകദിന പ്രഭാഷണം നടത്തും. പ്രശസ്ത മെഡിക്കൽ-എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരും ഈ സമ്മേളനത്തിൽ പങ്കെടുക്കും. ലോ-ഫീൽഡ് എംആർഐ (low-field MRI), ഓട്ടോമേഷൻ, പീഡിയാട്രിക് ന്യൂറോ ഇമേജിംഗ് തുടങ്ങിയ വിഷയങ്ങളിൽ വിപുലമായ ശാസ്ത്ര സെഷനുകൾ ഉണ്ടാകും.
ന്യൂയോർക്ക് യൂണിവേഴ്സിറ്റി (NYU), സ്റ്റാൻഫോർഡ്, പിറ്റ്‌സ്ബർഗ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്ത അന്താരാഷ്ട്ര ഫാക്കൽറ്റികൾ മുഖ്യപ്രഭാഷണങ്ങൾ നടത്തും. “മെയ്ക്ക് ഇൻ ഇന്ത്യ” പദ്ധതിയുടെ ഭാഗമായി ഭാരതത്തിൽ തന്നെ വികസിപ്പിച്ചെടുത്ത 1.5T എംആർഐ സിസ്റ്റങ്ങളെക്കുറിച്ചുള്ള പ്രത്യേക സെഷനുകളും സമ്മേളനത്തിൻ്റെ ഭാഗമാണ്.
എംആർഐ രംഗത്തെ പ്രമുഖ കമ്പനികൾ തങ്ങളുടെ അത്യാധുനിക ഉപകരണങ്ങളും പ്രവർത്തനരീതികളും ഇവിടെ പ്രദർശിപ്പിക്കും. രാജ്യത്തെ ഉന്നതതല ഗവേഷണങ്ങൾ അവതരിപ്പിക്കുന്നതിനൊപ്പം മാഗ്നറ്റിക് റെസൊണൻസ് സംബന്ധിച്ച അടിസ്ഥാന ആശയങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി ഈ സമ്മേളനം മാറും. ഏകദേശം 320 പ്രതിനിധികളും 45-ലധികം ദേശീയ-അന്തർദേശീയ വിദഗ്ദ്ധരും ഈ പരിപാടിയിൽ പങ്കെടുക്കും.
ശ്രീചിത്രയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇമേജിംഗ് സയൻസസ് ആൻഡ് ഇൻ്റർവെൻഷണൽ റേഡിയോളജിയുടെ സുവർണ്ണ ജൂബിലി വർഷത്തിലാണ് ഈ സമ്മേളനം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഡയഗ്നോസ്റ്റിക് ആൻഡ് ഇൻ്റർവെൻഷണൽ റേഡിയോളജി മേഖലയിലെ പ്രമുഖരായ പല വിദഗ്ധരും ശ്രീ ചിത്രയുടെ റേഡിയോളജി വകുപ്പിലെ അധ്യാപകരോ വിദ്യാർത്ഥികളോ ആയിരുന്നു. രാജ്യത്ത് ആദ്യമായി ഇൻ്റർവെൻഷണൽ റേഡിയോളജിയിൽ പോസ്റ്റ് ഡോക്ടറൽ ടീച്ചിംഗ് പ്രോഗ്രാം ആരംഭിച്ചത് ശ്രീ ചിത്രയിൽ ആണ്. ന്യൂറോ റേഡിയോളജി, കാർഡിയോവാസ്കുലർ റേഡിയോളജി എന്നീ വിഭാഗങ്ങളിൽ അത്യാധുനിക ചികിത്സാ രീതികൾ ഭാരതത്തിൽ ആദ്യമായി നടപ്പിലാക്കിയ സ്ഥാപനങ്ങളിൽ ഒന്നാണിത്. രോഗീ പരിചരണത്തിനും അധ്യാപനത്തിനും പുറമെ ഗവേഷണത്തിലും നൂതന ആശയങ്ങൾ നടപ്പിലാക്കുന്നതിലും ശ്രീചിത്രയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇമേജിംഗ് സയൻസസ് ആൻഡ് ഇൻ്റർവെൻഷണൽ റേഡിയോളജി വിഭാഗം മുൻപന്തിയിലാണ്.

സംഘാടക സമിതി ഭാരവാഹികൾ
ഓർഗനൈസിംഗ് ചെയർമാൻ: ഡോ. കേശവദാസ് സി.
ഓർഗനൈസിംഗ് സെക്രട്ടറി: ഡോ. ബിജോയ് തോമസ്

You May Also Like

About the Author: Jaya Kesari