തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ വേനല്‍ ചൂട് കൂടുതല്‍ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഏപ്രില്‍ 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളില്‍ താപനില 38°C വരെ ഉയർന്നേക്കാം. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളില്‍ 37°C വരെ ചൂട് ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ താപനില 36°C വരെ വർദ്ധിച്ചേക്കാം.ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തില്‍ ഈർപ്പത്തിന്റെ അളവ് കൂടുതലായതിനാല്‍ മലയോര മേഖലകളൊഴികെയുള്ള സ്ഥലങ്ങളില്‍ കടുത്ത അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുണ്ട്. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് കാരണമായേക്കാം.
ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, നിർജ്ജലീകരണം എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കാനും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം.

