തിരുവനന്തപുരം ഗാന്ധി പാർക്കിൽ ‘മനുഷ്യരേ ഇത് നിങ്ങളുടെ പ്രവാചകൻ’ സ്നേഹസംഗമം 16ന്

തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മനുഷ്യരേ ഇത് നിങ്ങളുടെ പ്രവാചകൻ’ എന്ന ബാനറിൽ സ്നേഹസംഗമം സംഘടിപ്പിക്കുന്നു. മെയ് 16 ശനിയാഴ്ച വൈകുന്നേരം 4:30ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടക്കുന്ന പരിപാടി തിരുവനന്തപുരം എം.എൽ.എ സി.പി. ജോൺ ഉദ്ഘാടനം ചെയ്യും.

വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഹാറൂൺ വള്ളക്കടവിന്റെ അധ്യക്ഷതയിൽ ചേരുന്ന സംഗമത്തിൽ ജില്ലാ പ്രസിഡന്റ് അർഷദ് അൽഹികമി, സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദുൽ റഷീദ് കുട്ടമ്പൂർ, സ്റ്റുഡന്റ്സ് സംസ്ഥാന ഭാരവാഹി ഷംജാസ് കെ അബ്ബാസ്, മുനവ്വർ സ്വലാഹി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, സ്റ്റുഡന്റ്സ് ജില്ലാ പ്രസിഡന്റ് സമീർ കണിയാപുരം എന്നിവർ ആശംസകൾ അർപ്പിക്കും.

പ്രവാചകൻ മുഹമ്മദ് നബി(സ)യെ ജനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുക, സമൂഹത്തിൽ വർധിച്ചുവരുന്ന വർഗീയ-വിഭാഗീയ ചിന്തകൾ, അന്ധവിശ്വാസം, അനാചാരങ്ങൾ, ലഹരി തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ ബോധവൽക്കരണം നടത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

ഇതോടനുബന്ധിച്ച് ജില്ലാ തലത്തിൽ ഓൺലൈൻ ക്വിസ്, വാഹന പ്രചരണ സ്നേഹയാത്രകൾ, മണ്ഡലം വിജ്ഞാന വേദികൾ തുടങ്ങിയ പ്രീ-പ്രോഗ്രാമുകളും നടന്നുവരുന്നു.

You May Also Like

About the Author: Jaya Kesari