ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’ ആരംഭിക്കുന്നു
സ്പെയ്സ് മെഡിസിൻ, ബയോഅസ്ട്രോനോടിക്സ് മേഖലയിൽ ഗവേഷണവും പരിശീലനവും ശക്തിപ്പെടുത്തുന്നതിനായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിയും (എസ് സി ടി ഐ എം എസ് ടി) ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷന് (ഐഎസ്ആർഒ) കീഴിൽ പ്രവർത്തിക്കുന്ന ‘ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററും (എച്ച്എസ്എഫ് സി)’ കൈകോർക്കുന്നു.
ഗഗന്യാൻ പദ്ധതിയിലൂടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ഐഎസ്ആർഒ. മൈക്രോഗ്രാവിറ്റി, കോസ്മിക് റേഡിയേഷൻ, ഐസൊലേഷൻ, മറ്റ് ബഹിരാകാശ ഘടകങ്ങൾ എന്നിവ ബഹിരാകാശ യാത്രികർക്ക്, പ്രത്യേകിച്ച് ഗവേഷണങ്ങളുടെ ഭാഗമായി ദീർഘകാലം ബഹിരാകാശത്ത് ചെലവഴിക്കേണ്ടിവരുമ്പോൾ വലിയ വെല്ലിവിളികൾ ഉയർത്താറുണ്ട്.
ഇത്തരം സാഹചര്യങ്ങൾ മനുഷ്യരെ ഏതുവിധത്തിൽ ബാധിക്കുമെന്ന് മനസ്സിലാക്കി അനുയോജ്യമായ ബയോമെഡിക്കൽ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നത് ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണ്.
മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഐഎസ്ആർഒ-യുടെ വിവിധ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് സഹകരിക്കുന്നതിനായി ശ്രീ ചിത്രയും, ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററും 2025 ഏപ്രിൽ 24-ന് ധാരാണാപത്രം ഒപ്പിട്ടിരുന്നു. ഇതേത്തുടർന്ന് 2025 നവംബർ 26-ന് ശ്രീ ചിത്രയിൽ വച്ച് ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി. നാരായണൻ “സെൻ്റർ ഫോർ സ്പെയ്സ് മെഡിസിൻ റിസർച്ച്” ഉദ്ഘാടനം ചെയ്തു.
2026 ജൂൺ 25-ന് ബെംഗലൂരൂവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ബയോഅസ്ട്രോനോടിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ് ആരംഭിക്കുന്നതിനായി ശ്രീചിത്രയും ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററും കരാർ ഒപ്പിട്ടു. ഭാരതത്തിൽ ആദ്യമായാണ് ഇത്തരമൊരു ഫെല്ലോഷിപ്പ് ആരംഭിക്കുന്നത്.
ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി. നാരായണൻ, ശ്രീ ചിത്ര പ്രസിഡൻ്റ് ഡോ. ക്രിസ് ഗോപാലകൃഷ്ണൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി, എച്ച് എസ് എഫ് സി ഡയറക്ടർ ഡോ. ദിനേശ് കുമാർ സിങ് എന്നിവർ കരാർ ഒപ്പിട്ടു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ എ ഐ ഡിവിഷൻ മേധാവി ശ്രീ. സുനിൽ കുമാർ, തിരുവനന്തപുരം ഐ ഐ എസ് ടി ഡയറക്ടർ ഡോ. ഉഷ ദീക്ഷിത് ഉൾപ്പെടെയുള്ളവർ ഓൺലൈനായി പങ്കെടുത്തു.
സമീപ ഭാവിയിൽ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നത് രാജ്യത്തെ സംബന്ധിച്ച് എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കിയ ഐ എസ് ആർ ഒ ചെയർമാൻ ഡോ വി നാരായണൻ സ്പെയ്സ് മെഡിസിൻ രംഗത്തും അനുബന്ധ മേഖലകളിലും ഗവേഷണം, പരിശീലനം, മാനവവിഭവശേഷി വികസനം എന്ന പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഓർമ്മിപ്പിച്ചു.
ബയോമെഡിക്കൽ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിൽ ശ്രീചിത്ര നൽകിയ സംഭാവനകൾ എടുത്തുപറഞ്ഞ ശ്രീ ചിത്ര പ്രസിഡൻ്റ് ഡോ. ക്രിസ് ഗോപാലകൃഷ്ണൻ ഐ എസ് ആർ ഒ-യുമായുള്ള സഹകരണം സ്പെയ്സ് മെഡിസിൻ രംഗത്തെ ഗവേഷണങ്ങളിലൂടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ദൗത്യങ്ങൾക്കാവശ്യമായ പുത്തൻ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും വികസിപ്പിക്കാനുള്ള അവസരം ശ്രീചിത്രയ്ക്ക് ലഭ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബയോഅസ്ട്രോനോടിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാം
ശ്രീ ചിത്രയും, ഹ്യൂമൻ സ്പെയ്സ് ഫ്ളൈറ്റ് സെൻ്ററും സംയുക്തമായി നടത്തുന്ന രണ്ടുവർഷം ദൈർഘ്യമുള്ള കോഴ്സാണ് ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് പ്രോഗ്രാം ഇൻ ബയോഅസ്ട്രോനോടിക്സ്’. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കും. മാത്രമല്ല രണ്ട് സ്ഥാപനങ്ങളിലും ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ, ഫെൽലോഷിപ്പിനു ചേരുന്നവർക്കു അവസരവുമുണ്ടാകും.
ബഹിരാകാശ യാത്രയ്ക്കിടെ മനുഷ്യരുടെ അവയവങ്ങളുടെയും കോശങ്ങളുടെയും പ്രവർത്തനങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ സമഗ്രമായി മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് ഫെല്ലോഷിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ ദൗത്യങ്ങളുമായി ബന്ധപ്പെട്ട നിർണ്ണായകമായ ശാസ്ത്രീയ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ഗവേഷണങ്ങൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതും കോഴ്സിൻ്റെ ലക്ഷ്യമാണ്.
പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ബിരുദം, സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ യോഗ്യതകൾ, പിഎച്ച്ഡി ബിരുദം എന്നിവയുള്ളവർക്ക് പ്രോഗ്രാമിന് അപേക്ഷിക്കാം. 2026 ജൂലൈ അക്കാഡമിക് സെഷനിൽ ആരംഭിക്കുന്ന പ്രോഗ്രാമിലേക്ക്, എല്ലാവർഷവും പ്രവേശനം ഉണ്ടാകും. ഫെലോഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശ്രീ ചിത്ര വെബ്സൈറ്റിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . {www.sctimst.ac.in}
സ്പെയ്സ് മെഡിസിനിലും ബയോഅസ്ട്രോനോടിക്സിലും രാജ്യത്തിൻ്റെ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനുള്ള നിർണ്ണായക ചുവടുവയ്പ്പാണിത്. സമീപ ഭാവിയിൽ മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഭാരതത്തിന്റെ ഉദ്യമങ്ങൾക്ക് ഇത് കൂടുതൽ ശക്തിപകരും.


