എടപ്പാളില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാളില്‍ നിന്ന് 21.42 ഗ്രാം എംഡിഎംഎ പിടികൂടി

മലപ്പുറം: എടപ്പാളില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാളില്‍ നിന്ന് 21.42 ഗ്രാം എംഡിഎംഎ പിടികൂടി. പട്ടാമ്പി ആമയൂർ സ്വദേശി സിബിനില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എംഡിഎംഎ പിടികൂടിയത്.സിബിൻ സഞ്ചരിച്ച ബൈക്ക് എടപ്പാളില്‍ അപകടത്തില്‍പ്പെട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ഡോക്ടർമാർ നടത്തിയ പരിശോധനയ്ക്കിടെയാണ് പാന്റിന്റെ പോക്കറ്റില്‍ വെളുത്ത നിറത്തിലുള്ള പാക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് പെരിന്തല്‍മണ്ണ പൊലീസ് നടത്തിയ പരിശോധനയിലാണ് പാക്കറ്റില്‍ എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ സിബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഇയാളെ റിമാൻഡ് ചെയ്തു.സിബിൻ മയക്കുമരുന്ന് വില്‍പന നടത്തുന്നയാളാണെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.

You May Also Like

About the Author: Jaya Kesari