‘
തിരുവനന്തപുരം: അയല്‍വാസിയായ സ്ത്രീ അസഭ്യംപറഞ്ഞതില്‍ മനംനൊന്തു വിദ്യാർഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഞെടിഞ്ഞിലില്‍ ചരുവിള വീട്ടില്‍ അജുവിന്റെയും സുനിതയുടെ മകള്‍ അനുഷ(18)യെയാണ് വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.അയല്‍ക്കാരിയുടെ മകൻ അടുത്തിടെ രണ്ടാമത് വിവാഹംകഴിച്ചിരുന്നു. ഇതറിഞ്ഞ് ഇയാളുടെ ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോവുകയുംചെയ്തു. ഇക്കാര്യത്തില്‍ ഇവരെ സഹായിച്ചെന്ന് പറഞ്ഞാണ് അയല്‍വാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞതെന്നാണ് ആരോപണം. തുടർന്ന് കടുത്ത മാനസികസമ്മർദത്തിലായിരുന്ന പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നും പറയുന്നു.
