പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തില്‍ കർഷകൻ വിഷം കഴിച്ച്‌ ജീവനൊടുക്കി

കാസർകോട്: പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തതിന്റെ മനോവിഷമത്തില്‍ കർഷകൻ വിഷം കഴിച്ച്‌ ജീവനൊടുക്കി.മുളിയാർ പാണൂർ ബാലനടുക്കയിലെ നാരായണൻ (80) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ പറമ്ബില്‍ അവശനിലയില്‍ കണ്ടത്.വിഷം കഴിച്ചെന്ന സംശയത്തെ തുടർന്ന് ചെങ്കള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അറിയപ്പെടുന്ന നെല്ല്-കവുങ്ങ്-ക്ഷീര കർഷകനായിരുന്നു. ഡിസംബർ 31-ന് അലഞ്ഞുതിരിഞ്ഞെത്തിയ പേപ്പട്ടി നാരായണന്റെ രണ്ടുവയസ്സുള്ള പശുവിനെ കടിച്ചിരുന്നു. വീടിന് സമീപത്തെ വയലില്‍ കെട്ടിയിട്ടപ്പോഴായിരുന്നു നായ കടിച്ചത്.പശുവിനെ കടിച്ച നായ രണ്ടുദിവസത്തിന് ശേഷം സമീപത്തെ പറമ്ബില്‍ ചത്തനിലയില്‍ കണ്ടെത്തി. കുത്തിവെപ്പ്‌ എടുത്തിരുന്നുവെങ്കിലും ജനുവരി 18-ന് പശു ചത്തു. നാരായണൻ ഇതേതുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

You May Also Like

About the Author: Jaya Kesari