സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ പാക്കറ്റ് സ്കൂളുകളില്‍ പൊട്ടിയനിലയില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ പാക്കറ്റ് സ്കൂളുകളില്‍ പൊട്ടിയനിലയില്‍. മാർച്ച്‌ 11ന് നടക്കേണ്ട ഒന്നാം വർഷ അറബിക്, 21ന് നടക്കേണ്ട പൊളിറ്റിക്കല്‍ സയൻസ് പരീക്ഷളുടെ ചോദ്യപേപ്പറുകളാണ് കാസർകോട്, ഇടുക്കി ജില്ലകളിലെ രണ്ട് സ്കൂളുകളില്‍ പാക്കറ്റ് പൊട്ടിയ നിലയില്‍ കണ്ടെത്തിയത്.സ്കൂളുകളിലെയും ചോദ്യപേപ്പർ പാക്കറ്റുകള്‍ പിൻവലിക്കാനും പകരം ചോദ്യപേപ്പറുകള്‍ അടിയന്തിരമായി വിതരണം ചെയ്യാനും പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. പകരം ചോദ്യപേപ്പറുകള്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥരെ നിയമിച്ചും ചെലവുവരുന്ന തുക മുൻകൂർ അനുവദിച്ചും ഉത്തരവ് നല്‍കി.
ചോദ്യപേപ്പർ പാക്കറ്റുകള്‍ പൊട്ടിയതു സംബന്ധിച്ച പരിശോധന നടന്നുവരികയാണ്. രണ്ട് സ്കൂളുകളില്‍നിന്നും പരീക്ഷ സെക്രട്ടറി റിപ്പോർട്ട് വാങ്ങി. സ്കൂള്‍ അധികൃതർ പ്രശ്നം ശ്രദ്ധയില്‍പെടുത്തിയ ഉടനെ ചോദ്യപേപ്പർ അച്ചടിച്ച്‌ എത്തിച്ച കോണ്‍ഫിഡൻഷ്യല്‍ പ്രസ് അധികൃതർ സ്വന്തം ചെലവില്‍ പകരം ചോദ്യപേപ്പർ തയാറാക്കി ജില്ല കേന്ദ്രങ്ങളില്‍ എത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇവ ഏറ്റുവാങ്ങാനും വിതരണംചെയ്യാനുമായാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത് .

You May Also Like

About the Author: Jaya Kesari