തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റിലെ കിണറ്റിനുള്ളില്‍ സുരക്ഷാ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ആറ്റിങ്ങല്‍ സ്വദേശിയായ ഭാസ്കരപിള്ള (68) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഈ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.തിങ്കളാഴ്ച രാവിലെ സമീപത്ത് നിർമ്മാണം നടക്കുന്ന മറ്റൊരു വീട്ടിലെ തൊഴിലാളികളാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സാധാരണയായി ആഴ്ചയിലൊരിക്കല്‍ മാത്രം വീട്ടില്‍ പോകാറുള്ള ഭാസ്കരപിള്ളയെ കഴിഞ്ഞ മൂന്ന് ദിവസമായി ബന്ധുക്കള്‍ ഫോണില്‍ വിളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ലഭ്യമായിരുന്നില്ല.മരണത്തില്‍ എന്തെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്ന കാര്യത്തില്‍ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു .

