തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 40 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണിവില 13,430 രൂപയായി. പവന് വില 320 രൂപ കൂടി 1,07,440 രൂപയായി. പണിക്കൂലിയും ടാക്സും ഉള്‍പ്പടെയുള്ള ചാർജുകള്‍ ചേർത്ത് സ്വർണാഭരണങ്ങള്‍ വാങ്ങാൻ കൂടുതല്‍ വില കൊടുക്കണം.ജൂണ്‍ ഒന്നിനാണ് സ്വർണവിലയില്‍ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു. നിലവിലെ അവസ്ഥയില്‍ സ്വർണവിലയില്‍ വലിയ കയറ്റിറക്കങ്ങള്‍ക്ക് സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയാണ് വില.അതേസമയം, ക്രൂഡോയില്‍ വിലയിലെ കുതിപ്പ് നാണയപ്പെരുപ്പം ഉയർത്തിയതോടെ സ്വർണ വിപണിയില്‍ സമ്മർദ്ദം ശക്തമാകുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധം എണ്ണ പ്രതിസന്ധി രൂക്ഷമാക്കിയതിനാല്‍ അമേരിക്കയില്‍ വിലക്കയറ്റ ഭീഷണി ഏറിയെങ്കിലും സാമ്പത്തിക മേഖല ശക്തമായ നിലയിലാണ്. വിപണിയില്‍ പണ ലഭ്യത ഉയർന്ന തലത്തിലായതോടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് മുഖ്യ പലിശ വർദ്ധിപ്പിക്കുമെന്ന വിലയിരുത്തലാണ് സ്വർണത്തിന് തിരിച്ചടിയായത്.

