ഉത്തർപ്രദേശിലെ കൗശാമ്പിയില്‍ എല്‍പിജി ടാങ്കർ ടോള്‍ ബൂത്തിലിടിച്ച് പൊട്ടിത്തെറിച്ച് അഞ്ചുപേർ മരിച്ചു.ജൂണ്‍ 26-ന് രാവിലെ 6:40-ഓടെയായിരുന്നു സംഭവം. ടോള്‍ ബൂത്തിലേക്ക് നിയന്ത്രണം വിട്ടെത്തിയ ടാങ്കർ ഡിവൈഡറിലിടിച്ചാണ് അപകടം നടന്നത്. കാണ്‍പൂരില്‍ നിന്ന് പ്രതാപ്‌ഗഡിലേക്ക് പോകുകയായിരുന്നു ടാങ്കർ. ടാങ്കറില്‍ നിന്ന് വാതകം ചോർന്നതിനെത്തുടർന്നാണ് വലിയ സ്ഫോടനമുണ്ടായത് . രണ്ട് കിലോമീറ്റർ അകലെ നിന്ന് പോലും കാണാവുന്നത്ര തീവ്രതയിലായിരുന്നു സ്ഫോടനവും തീപ്പിടുത്തവുമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ടാങ്കർ ഡ്രൈവർ ധർമേന്ദ്ര ദുബെ (40), ടോള്‍ പ്ലാസ ജീവനക്കാരൻ അലോക് സിംഗ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലിരിക്കെയാണ് പ്രയാഗ്‌രാജ് സ്വദേശി അനില്‍ കുമാർ, റായ്ബറേലി സ്വദേശി ഹിരാമണി സിംഗ്, മധ്യപ്രദേശ് സ്വദേശി കൃഷ്ണ പാല്‍ മൗര്യ എന്നിവർ മരിച്ചത്. അപകടത്തില്‍ നിരവധി പേർക്ക്ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

