ഇടുക്കി: ചിന്നക്കനാലില്‍ വീടിന് നേരെ കാട്ടാന ആക്രമണം. സിങ്കുകണ്ടം സ്വദേശി മുരുകന്റെ വീടാണ് കാട്ടാന ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നത്.ചക്കക്കൊമ്പന്‍ എന്നറിയപ്പെടുന്ന കാട്ടാനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
വീടിന്റെ മുന്‍ഭാഗവും കതകുകളും കാട്ടാന തകര്‍ത്ത നിലയിലാണ്. സിങ്കുകണ്ടം പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വീടുടമ മുരുകന്‍ നിലവില്‍ സൂര്യനെല്ലിയിലാണ് താമസം. ആക്രമിക്കപ്പെട്ട വീട്ടില്‍ ഇപ്പോള്‍ കാര്‍ഷിക ഉപകരണങ്ങളാണ് സൂക്ഷിച്ചിരുന്നത്. അതിനോട് ചേര്‍ന്ന പ്രദേശത്തുതന്നെ രണ്ടാഴ്ച മുന്‍പ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മാരി എന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങള്‍ സിങ്കുകണ്ടം മേഖലയില്‍ ഭീതി വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടിവേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

