നവരാത്രി ഘോഷയാത്രയിൽ ഡി.ജെ പരിപാടികൾ അനുവദിക്കില്ല.

നവരാത്രി ഘോഷയാത്രയുടെയും ഉത്സവത്തിന്റെയും സുഗമമായ നടത്തിപ്പിനായി തിരുവനന്തപുരം ജില്ലാ കളക്ടറെയും റൂറൽ എസ്.പിയെയും കോ ഓർഡിനേറ്റർമാരായി നിയോഗിക്കും. നവരാത്രി മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

കേരള ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ടീം , ആംബുലൻസ് എന്നിവ ഘോഷയാത്രയിൽ ഉടനീളം അനുഗമിക്കണം.

ഘോഷയാത്രയിൽ ഡി.ജെ പരിപാടികൾ അനുവദിക്കില്ല. കേരള,തമിഴ്നാട് ഉദ്യോഗസ്ഥർക്ക് താമസവും ഭക്ഷണവും കൃത്യമായി ഉറപ്പാക്കണം. നാട്ടാനപരിപാല നിയമം കർശനമായി പാലിക്കണമെന്നും മന്ത്രി കെ.മുരളീധരൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കെ.എസ്.ആർ.ടി.സി 65 പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർക്ക് തിരുവനന്തപുരത്തെത്താൻ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

. ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കാൻ പി.ഡബ്ല്യു.ഡി, കോർപറേഷൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.മുരളീധരൻ നിർദേശം നൽകി. നവരാത്രി ഘോഷയാത്രയ്ക്ക് കേരള പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകും.

ഒക്ടോബർ 9നാണ് തമിഴ്‌നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് സരസ്വതീദേവി വിഗ്രഹവും, ശുചീന്ദ്രത്ത് നിന്നും ദേവി വിഗ്രഹവും കുമാരകോവിലിൽ നിന്നും കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാളിനോടൊപ്പം ഘോഷയാത്രയായി യാത്ര തിരിക്കുക. അന്ന് വൈകുന്നേരം 7 മണിയോടുകൂടി കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. ഒക്ടോബർ 10ന് വിഗ്രഹഘോഷയാത്ര കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങും. വൈകുന്നേരം നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ തങ്ങും. ഒക്ടോബർ 11ന് വൈകുന്നേരം 6.30 മണിയോടെ പത്മനാഭസ്വാമിക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിൽ ഘോഷയാത്ര എത്തിച്ചേരും.

സരസ്വതി ദേവിയെ നവരാത്രി പൂജയ്ക്കായി നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാലയിലും ഉദിത്തനങ്കദേവിയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും കുടിയിരുത്തും. ഒക്ടോബർ 12 മുതൽ 21 വരെയാണ് പത്ത് ദിവസത്തെ പൂജകൾ..

You May Also Like

About the Author: Jaya Kesari