ചാംപി ചുഴലിക്കാറ്റ് ഭീഷണി; തായ്‌വാനില്‍ ഒരാള്‍ മരിച്ചു

ചാംപി ചുഴലിക്കാറ്റ് തായ്‌വാന്റെ വടക്കുകിഴക്കൻ തീരത്തേക്ക് അടുക്കുന്നതിനിടെ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജനജീവിതം സ്തംഭിച്ചു.ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച സ്കൂളുകളും ഓഫീസുകളും അടച്ചിട്ടു. ചുഴലിക്കാറ്റിനെത്തുടർന്ന് ഒരാള്‍ മരിക്കുകയും 94 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. മലയോര മേഖലകളില്‍നിന്ന് ഏകദേശം 1,300 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരുന്നുണ്ടെങ്കിലും തായ്‌വാനില്‍ നേരിട്ട് കരതൊടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിന് സമീപം മണിക്കൂറില്‍ 191 കിലോമീറ്റർ വേഗത്തില്‍ കാറ്റുവീശുന്നതായി തായ്‌വാൻ സെൻട്രല്‍ വെതർ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ദ്വീപിന്റെ തെക്കേ അറ്റത്തുനിന്ന് ഏകദേശം 320 കിലോമീറ്റർ കിഴക്കായിരുന്നു ചാംപി. വടക്കുകിഴക്കൻ തീരത്തോട് ചേർന്ന് കടന്നുപോകുന്ന ചുഴലിക്കാറ്റ് പിന്നീട് ചൈനീസ് തീരത്തേക്ക് തിരിഞ്ഞ് ജപ്പാന്റെ തെക്കൻ ഭാഗത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം.എന്നാല്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ മാറ്റമുണ്ടായാല്‍ തായ്‌വാനില്‍ നേരിട്ട് കരതൊടാമെന്നും മുന്നറിയിപ്പുണ്ട്.തീരദേശ മേഖലകളില്‍ മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മൊബൈല്‍ ഫോണുകളിലൂടെ ജനങ്ങള്‍ക്ക് നല്‍കി. വടക്കൻ മലയോര മേഖലകളില്‍, തായ്‌പേയ് പരിസരത്തടക്കം, ഒരു മീറ്ററിനടുത്ത് മഴ ലഭിക്കാമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് യിലാൻ മേഖലയിലെ അധികൃതർ മണല്‍ച്ചാക്കുകള്‍ വിതരണം ചെയ്യുകയും രക്ഷാപ്രവർത്തനത്തിനായി സൈനിക വാഹനങ്ങളും ബോട്ടുകളും സജ്ജമാക്കുകയും ചെയ്തു.ചുഴലിക്കാറ്റിനെത്തുടർന്ന് വെള്ളിയാഴ്ച തായ്‌വാനിലെ 262 ആഭ്യന്തര വിമാന സർവീസുകളും 669 അന്താരാഷ്ട്ര സർവീസുകളും റദ്ദാക്കി. സാമ്പത്തിക വിപണികളും അടച്ചിട്ടു.

You May Also Like

About the Author: Jaya Kesari