മൈസൂരു: ഉണങ്ങിയ ചെമ്പരത്തിപ്പൂവ് തൊണ്ടയില്‍ കുടുങ്ങി ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. സുദർശൻ-നവ്യ ദമ്പതിമാരുടെ ഇളയ മകനായ ചിന്മയ് ഗൗഡയാണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്‌ച്ച കർണാടകയിലെ മൈസൂരില്‍ ഹുൻസൂർ താലുക്കിലെ ദൊഡ്ഡഹെജ്ജൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം. സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. വീടിന്റെ മുൻവാതിലിന് സമീപം വെച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് കുട്ടി കൈക്കലാക്കുകയും അതിന്റെ ഒരു ഭാഗം വായയിലിടുകയും ചെയ്തു. സഹോദരൻ ഇത് വായയില്‍ നിന്നും എടുത്തുമാറ്റാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് പൂവ് വിഴുങ്ങുകയായിരുന്നു.ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ ഹനഗോഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി മൈസൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ഡോക്ടർമാരുടെ തീവ്രശ്രമങ്ങള്‍ക്കിടയിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

