
കൊല്ലം : കുടിവെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. പള്ളിശേരിക്കല്‍ തെക്കേ തേവാനത്ത് വീട്ടില്‍ സരസ്വതിയമ്മ (80) യുടെ ഒന്നര പവന്‍റെ മാലയാണ് യുവാവ് കവർന്നത്.ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സരസ്വതിയമ്മയും ഭർത്താവും മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ പോകാൻ തയാറെടുക്കുമ്പോഴാണ് യുവാവ് എത്തിയത്. മഴക്കോട്ട് ധരിച്ചെത്തിയതിനാല്‍ ആളെ തിരിച്ചറിയാനായില്ല.കുടിക്കാനായി യുവാവ് വെള്ളം ചോദിച്ചതിന് പിന്നാലെ, സരസ്വതിയമ്മ വെള്ളം എടുക്കാനായി അകത്തേക്ക് തിരിഞ്ഞപ്പോഴാണ് മാല പൊട്ടിച്ചെടുത്തത്. സരസ്വതി അമ്മ മാലയില്‍ പിടിച്ചെങ്കിലും ചെറിയ ഭാഗം മാത്രമാണ് കയ്യില്‍ കിട്ടിയത്. ബാക്കിയുമായി കള്ളൻ കടന്നു കളയുകയായിരുന്നു. യുവാവിനൊപ്പമെത്തിയ മറ്റൊരാള്‍ പുറത്ത് ബൈക്കുമായി കാത്തു നില്‍പ്പുണ്ടായിരുന്നു. ഇരുവരും ചേർന്ന് ബൈക്കില്‍ കടന്നു കളയുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
