കൊച്ചി : പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡലായ യുവാവ് പാറമടയില്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്.പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയില്‍ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു വെള്ളത്തില്‍ നീന്താൻ ശ്രമിക്കവേ ആണ് അപകടം സംഭവിച്ചത്.കഴിഞ്ഞ 20 വർഷത്തിലേറെയായി പ്രവർത്തനം നിലച്ചു കിടക്കുന്ന പാറമടയിലെ വെള്ളക്കെട്ടില്‍ വീണാണ് മരണം സംഭവിച്ചത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഡല്‍ഹി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം ഇവിടെ എത്തിയത്. നാളെ ഷൂട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തില്‍ ഉള്‍പ്പെട്ട പ്രധാന മോഡലാണ് മരണമടഞ്ഞ യുവാവ്.പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഇവർ ഷൂട്ടിങ്ങിന് എത്തിയത്. ഈ പാറമടയുടെ ആകാശദൃശ്യങ്ങള്‍ റില്‍സില്‍ കണ്ട പരിചയമാണ് സംഘത്തെ ഇവിടേക്ക് എത്തിച്ചത്. ഉടൻതന്നെ പെരുമ്പാവൂർ ഫയർഫോഴ്സില്‍ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം പിന്നീട് പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോടനാട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

