20 വർഷത്തെ ജയില്‍വാസത്തിനൊടുവില്‍ അബ്ദുല്‍ റഹീം ജന്മനാട്ടില്‍ തിരികെയെത്തി

കോഴിക്കോട്: 20 വർഷത്തെ ജയില്‍വാസത്തിനൊടുവില്‍ അബ്ദുല്‍ റഹീം ജന്മനാട്ടില്‍ തിരികെയെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂരില്‍ വിമാനമിറങ്ങിയത്.സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും വിമാനത്താവളത്തിലെത്തിയിരുന്നു. എല്ലാവർക്കും നന്ദിയെന്ന് അബ്ദുല്‍ റഹീം പ്രതികരിച്ചു.രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയില്‍വാസത്തിന് ശേഷം രാവിലെ 7.35ഓടെ എയർ ഇന്ത്യ എക്സ്പ്രസില്‍ കരിപ്പൂരില്‍ വിമാനമിറങ്ങി. വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ഉള്‍പ്പെടെ വൻ ജനാവലി റഹീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തില്‍നിന്ന് അദ്ദേഹം കോടമ്പുഴയിലെ വീട്ടിലേക്ക് തിരിച്ചു.ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിെൻറ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തിന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തുന്നത്. നിയമനടപടികള്‍ പൂർത്തിയാക്കി ബുധനാഴ്ച രാത്രിയോടെ റിയാദിലെ ജയിലില്‍നിന്ന് മോചിതനായ റഹീം, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിെൻറ ഐ.എക്സ് 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
റിയാദ് അല്‍ ഖർജ് റോഡിലെ ഇസ്കാൻ ജയിലിലായിരുന്ന റഹീം, സൗദി ബാലൻ മരിച്ച കേസില്‍ 20 വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയാണ് മടങ്ങുന്നത്.

You May Also Like

About the Author: Jaya Kesari